You are currently viewing ആശ്രമം ഇഎസ്ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് എസ് ജയമോഹൻ

ആശ്രമം ഇഎസ്ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് എസ് ജയമോഹൻ

കൊല്ലം: ആശ്രമം ഇഎസ്ഐ മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു എന്ന ബിജെപി-കോൺഗ്രസ് ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പറഞ്ഞു. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ആശ്രമം ആശുപത്രിയിൽ നിലവിലില്ലെന്നത് ജനുവരി 19ന് നടത്തിയ പരിശോധനയിൽ വ്യക്തമായതായി ജയമോഹൻ വ്യക്തമാക്കി. ആവശ്യമായ അധ്യാപകരുടെ അഭാവം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ കുറവ്, ക്ലാസ് റൂമുകളുടെ അപര്യാപ്തത തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ആശുപത്രിക്ക് എൻഒസി നൽകുന്നത് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇഎസ്ഐ കോർപ്പറേഷൻ ബോർഡ് പത്ത് മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ ഒരു വർഷത്തിലധികം മുമ്പ് തന്നെ തീരുമാനിച്ചിരുന്നെങ്കിലും, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതോടൊപ്പം കേരളത്തിൽ എയിംസ് അനുവദിക്കാത്തതും, കേന്ദ്ര ബജറ്റിൽ കൊല്ലത്തെ അവഗണിച്ചതുമായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴുള്ള ആരോപണങ്ങൾ ഉയർത്തുന്നതെന്നും ജയമോഹൻ പറഞ്ഞു.

മെഡിക്കൽ കോളേജ് ഇല്ലാത്ത സ്ഥലങ്ങളിൽ നഴ്സിംഗ് കോളേജുകൾ ആരംഭിക്കാൻ കഴിയുമെന്നും, അവിടെ തൊഴിലാളികളുടെ മക്കൾക്ക് 30 ശതമാനം സംവരണം നൽകാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികൾക്ക് സംസ്ഥാന സർക്കാർ അനുകൂലമാണെന്നും ജയമോഹൻ കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ അപേക്ഷ മനപ്പൂർവ്വം വൈകിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, കേന്ദ്ര സർക്കാർ നേരിട്ട് നടപ്പാക്കുന്ന പദ്ധതികളിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് യാതൊരു പ്രസക്തിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply