
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ആർ.എസ്.പി നേതൃത്വം അറിയിച്ചു. ഇത്തവണ നിയമസഭയിൽ ആർ.എസ്.പി പ്രതിനിധ്യം ഉറപ്പാക്കാനാണ് പാർട്ടിയുടെ ശ്രമമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി അഞ്ച് സീറ്റുകളിലാണ് മത്സരിച്ചത്. കൊല്ലം ജില്ലയിൽ ഇരവിപുരം, ചവറ, കുന്നത്തൂർ മണ്ഡലങ്ങളിലായിരുന്നു പാർട്ടി സ്ഥാനാർഥികളെ നിർത്തിയത്. ജില്ലയ്ക്ക് പുറത്തായി ആറ്റിങ്ങലിലും കണ്ണൂർ ജില്ലയിലെ മട്ടന്നൂരുമാണ് ആർ.എസ്.പി മത്സരിച്ചത്.
ഇത്തവണ പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലങ്ങളിലാണ് മത്സരിക്കാൻ താൽപര്യമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. 2011ലാണ് ആർ.എസ്.പിക്ക് അവസാനമായി നിയമസഭയിൽ അംഗത്വം ലഭിച്ചത്. തുടർന്ന് 2016ലും 2021ലും ചവറ മണ്ഡലത്തിൽ ഷിബു ബേബി ജോൺ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഇത്തവണയും ചവറയിൽ തന്നെ മത്സരിക്കാനാണ് തന്റെ ആഗ്രഹമെന്നും ഇത് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി നടക്കുന്ന ചർച്ചകളിൽ ആർ.എസ്.പി സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്നത്തൂർ, ചവറ മണ്ഡലങ്ങളിൽ ആർ.എസ്.പിക്ക് സ്ഥാനാർഥികൾ ഉണ്ടാകുമെന്ന് ഉറപ്പായതായും, അന്തിമ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
.