
ദക്ഷിണേഷ്യയിൽ ആദ്യമായി ‘ക്വാളിറ്റി കോസ്റ്റ്’ (Quality Coast) സർട്ടിഫിക്കേഷൻ നേടി ചരിത്ര നേട്ടം കൈവരിച്ച് ബേപ്പൂർ വീണ്ടും ലോകശ്രദ്ധയിൽ. സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നൽകുന്ന ഈ അന്താരാഷ്ട്ര അംഗീകാരത്തിൽ ബേപ്പൂർ വെങ്കലം സ്വന്തമാക്കി. ഈ പദവി നേടുന്ന ദക്ഷിണേഷ്യയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രമെന്ന പ്രത്യേകതയും ഇതോടെ ബേപ്പൂരിന് ലഭിച്ചു.

ജർമ്മനിയിലെ ബെർലിനിൽ നടന്ന ആഗോള വിനോദസഞ്ചാര പ്രദർശനമായ ഐ.ടി.ബി ബർലിൻ 2026-ലാണ് ബേപ്പൂർ ഇരട്ട പുരസ്‌കാര നേട്ടം കൈവരിച്ചത്. ‘ക്വാളിറ്റി കോസ്റ്റ്’ സർട്ടിഫിക്കേഷനോടൊപ്പം സാംസ്‌കാരിക പൈതൃക സംരക്ഷണ വിഭാഗത്തിലെ ‘ഐടിബി ഗ്രീൻ ഡെസ്റ്റിനേഷൻ സ്റ്റോറി’ പുരസ്‌കാരവും ബേപ്പൂരിന് ലഭിച്ചു. ഉരു നിർമ്മാണ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്.
ബേപ്പൂരിന്റെ വിനോദസഞ്ചാര സാധ്യതകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണിത്. 2025 ഒക്ടോബറിൽ ദുബായിൽ നടന്ന സുസ്ഥിര വിനോദസഞ്ചാര ഫോറത്തിൽ ലോകത്തിലെ മികച്ച 100 കേന്ദ്രങ്ങളിൽ ഒന്നായി ബേപ്പൂർ തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമാണ്. പുതുതായി ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരങ്ങൾ കൂടുതൽ വിദേശ-ദേശീയ വിനോദസഞ്ചാരികളെ ബേപ്പൂരിലേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ നേട്ടങ്ങൾക്ക് പിന്തുണ നൽകിയ ബേപ്പൂരിലെ നാട്ടുകാരും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തകരും അഭിമാനത്തിലാണ്. സുസ്ഥിര വികസനവും പൈതൃക സംരക്ഷണവും കൈകോർത്ത് മുന്നേറുന്ന ബേപ്പൂർ, കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ കൂടുതൽ ശക്തമായി സ്ഥാനം ഉറപ്പിക്കുകയാണ്.