
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്കു പ്രകാരം ഇതുവരെ 4,240 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം, കാർത്തികപള്ളി പഞ്ചായത്തുകളിൽ കള്ളിങ് നടപടികൾ പൂര്‍ത്തിയായി. പുന്നപ്ര സൗത്ത്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ കള്ളിങ് നടപടികൾ പുരോഗമിക്കുകയാണ്. കുമാരപുരം പഞ്ചായത്തിൽ 131 പക്ഷികളെ വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കി. തകഴിയിൽ 286, കരുവാറ്റയിൽ 715, നെടുമുടിയിൽ 2,663, കാർത്തികപള്ളിയിൽ 445 പക്ഷികളെയാണ് ഇതുവരെ കൊന്നൊടുക്കിയത്.
ഈ പഞ്ചായത്തുകളിലായി പക്ഷികളോടൊപ്പം 314 മുട്ടകളും 703 കിലോഗ്രാം തീറ്റയും നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് കള്ളിങ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് നശിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. കത്തിക്കൽ നടപടികൾ പൂര്‍ത്തിയായതിനു ശേഷം പ്രത്യേക സംഘം തിങ്കളാഴ്ച (ഡിസംബർ 29) അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.