
പരവൂർ: പൊഴിക്കര കടൽതീരത്ത് കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥികളായ കണ്ണൻരാജ് (16), ബിബിൻ (16) എന്നിവരുടെ മൃതദേഹങ്ങൾ പൊഴിക്കര ഭാഗത്തുനിന്ന് കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് ദുരന്തമുണ്ടായത്.
പൊഴിക്കര ക്ഷേത്രത്തിന് പിറകുവശത്തെ കടൽതീരത്ത് എത്തിയ അഞ്ചംഗ സംഘത്തിൽ മൂന്ന് പേർ കടലിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് തീരത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

കൊല്ലത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘം നടത്തിയ തിരച്ചിലിൽ അബുതാഹിറിനെ രക്ഷപ്പെടുത്തി. റിഹാൻ, അർജുൻ എന്നിവർ തീരത്തുണ്ടായിരുന്നതിനാൽ അപകടത്തിൽപ്പെട്ടില്ല.
ഭാനുമതി വിലാസത്തിൽ സെൽവരാജിന്റെ മകൻ ബിബിൻ (16), അയത്തിൽ തെക്കേകാവ് അമ്പലത്തിന് സമീപം മനക്കര തെക്കതിൽ അനിൽരാജിന്റെ മകൻ കണ്ണൻരാജ് (16) എന്നിവരാണ് മരിച്ചത്. ബിബിൻ വി.വി.എച്ച്.എസ് അയത്തിൽ പ്ലസ് വൺ വിദ്യാർഥിയും കണ്ണൻരാജ് കടപ്പാക്കാട് ഡി.കെ.ഡി.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമാണ്.
കണ്ണൻരാജിന്റെ മാതാവ് സുധയാണ്. ബിബിന്റെ മാതാവ് സുലേഖയാണ്. സഹോദരൻ ഷിബിൻരാജ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.