
നീരേറ്റുപുറം മണിമലയാറ്റിൽ നിന്ന് വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ വണ്ടാനം ആറ്റുപുറം സ്വദേശിയായ രഘുനാഥൻ തങ്കപ്പൻ (54) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏകദേശം 9.30ഓടെ, മണിമലയാറ്റിലൂടെ ഒഴുകിവരുന്ന നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടതിനെ തുടർന്ന് വിവരം എടത്വാ പോലീസിനെ അറിയിച്ചു.

നവംബർ 30ന് കെഎസ്ഇബിയിൽ നിന്ന് വിആർഎസ് എടുത്തിരുന്ന രഘുനാഥൻ ഏതാനും ദിവസങ്ങളായി വീട്ടിൽ നിന്ന് കാണാതായിരുന്നു. കാണാതാകുമ്പോൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ വെച്ച നിലയിലായിരുന്നു. സഹപ്രവർത്തകർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ ഇന്നലെ തീരുമാനിച്ചിരുന്നുവെന്നും അറിയുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് എടത്വാ സി.ഐ അൻവറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. തകഴി ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.