You are currently viewing ഉത്സവത്തിനിടെ ക്രൂരാക്രമണം: വിദ്യാർത്ഥി  നാല് ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരിച്ചു

ഉത്സവത്തിനിടെ ക്രൂരാക്രമണം: വിദ്യാർത്ഥി നാല് ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരിച്ചു

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. വികലാംഗരും നിർധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഹരികൃഷ്ണൻ.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് സംഭവം നടന്നത്. സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാനെത്തിയ ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ഘോഷയാത്ര കാണുന്നതിനിടെ മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതായി പറയുന്നു. തുടർന്ന് സഹോദരൻ ഇടപെട്ട് പ്രശ്നം താത്കാലികമായി പരിഹരിച്ച് ഇരുവരും അവിടെ നിന്ന് മടങ്ങി.

എന്നാൽ പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി വീണ്ടും ആക്രമിച്ചു. ഇതിനിടെ തടിക്കഷണം കൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ നാല് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ മസ്തിഷ്കമരണം സംഭവിച്ചു.

അടൂർ മണക്കാല ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ.
സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന സൂചന. നാട്ടുകാർ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ്.

Leave a Reply