
പൊതുജനങ്ങള്‍ക്ക് പ്രീമിയം സൗകര്യങ്ങളോടെ രുചിവൈവിധ്യങ്ങള്‍ ആസ്വാദിക്കാന്‍ അവസരം നല്‍കുന്ന കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റിന് ഇന്നലെ തുടക്കമായി. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്‌സ് ലോഞ്ചിലാണ് റെസ്റ്റോറന്റ്.
ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് റെസ്‌റ്റോറന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍ണ്ണമായും ശീതീകരിച്ച റസ്റ്റോറന്റില്‍ ഒരേസമയം 50 ഓളം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകും. രാവിലെ 6 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തനസമയം. വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കൊപ്പം വിവിധതരം ജ്യൂസുകളും ഷേക്കുകളും ലഭിക്കും. റെസ്റ്റോറന്റിന്റെ നടത്തിപ്പ് ചുമതല ജില്ലയിലെ പരിചയസമ്പന്നരായ എട്ട് അയല്‍ക്കൂട്ടാംഗങ്ങളാണ് നിര്‍വഹിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ ചടങ്ങില്‍ വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ടി.എം. തോമസ് ഐസക്, ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപഭോക്താക്കള്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ ഒരുക്കി രുചിവൈവിധ്യങ്ങള്‍ വിളമ്പുന്ന ഈ പദ്ധതിയുടെ ഭാഗമായി ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിക്കുന്നത് എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ്. പിന്നീട് വയനാട്ടിലെ മേപ്പാടി, തൃശ്ശൂരിലെ ഗുരുവായൂര്‍ എന്നിവിടങ്ങളിലും റെസ്റ്റോറന്റുകള്‍ തുടങ്ങി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം (കുറവിലങ്ങാട്), കോഴിക്കോട് (കൊയിലാണ്ടി), കാസര്‍ഗോഡ് (സിവില്‍ സ്റ്റേഷന്‍), മലപ്പുറം (കോട്ടയ്ക്കല്‍), തിരുവനന്തപുരം (സെക്രട്ടറിയേറ്റിന് സമീപം), കണ്ണൂര്‍ (ഇരിട്ടി), കൊല്ലം (ചവറ), പത്തനംതിട്ട (പന്തളം), ആലപ്പുഴ (കല്ലിശ്ശേരി), പാലക്കാട് (കണ്ണമ്പ്ര) എന്നിവിടങ്ങളിലും പ്രീമിയം റെസ്റ്റോറന്റുകള്‍ ആരംഭിച്ചു.
