You are currently viewing പെരുമ്പാവൂരിന് സമീപം വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

പെരുമ്പാവൂരിന് സമീപം വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ : പെരുമ്പാവൂരിന് സമീപം പുല്ലുവഴിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ വളയൻചിറങ്ങര മുകുളത്ത് സാബുവിന്റെ മകൾ ലിഞ്ചു സാബു (24) ദാരുണമായി മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

പുല്ലുവഴി ജങ്ഷന് സമീപം എം.സി. റോഡിലുണ്ടായ അപകടത്തിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ലിഞ്ചുവിനെ പിന്നിൽ നിന്ന് വേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ചു കടന്ന സ്ത്രീയെ കണ്ടത് മൂലം സ്കൂട്ടർ പെട്ടെന്ന് നിർത്തിയതോടെയാണ് അപകടം സംഭവിച്ചത് എന്ന് സാക്ഷികൾ പറയുന്നു.

സ്കൂട്ടറോടിച്ച സുഹൃത്ത് ചിഞ്ചു (24, വളയൻചിറങ്ങര കുഴക്കുംപറമ്പ്) പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച പുല്ലുവഴി സ്വദേശിനി സൂസി (60)ക്കും പരിക്കേറ്റിട്ടുണ്ട്; പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അവർ.

എം.കോം ബിരുദധാരിയായ ലിഞ്ചു എ.സി.സി.എ. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. പുല്ലുവഴി എം.ജി.എം സൺഡേ സ്‌കൂളിൽ അധ്യാപികയായും പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായ മരണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.


Leave a Reply