
ആലപ്പുഴ: ഓട്ടോയിടിച്ച് പരിക്കേറ്റതിന് ചികിത്സാചിലവായി പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് 6 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ കനകക്കുന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി (III) ശിക്ഷ വിധിച്ചത്.

2019 ജൂലൈയിൽ പരാതിക്കാരനായ കായംകുളം കീരിക്കാട് സ്വദേശി അഷറഫിനെ ചികിത്സാചിലവിനുള്ള പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതിയായ കണ്ടല്ലൂർ മുണ്ടിയത്ത് കിഴക്കതിൽ വീട്ടിൽ അഷറഫ്, മാരകമായി നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കനകക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ് നായർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്. കേസിൽ ജഡ്ജിയായ പൂജ പി.പി വിവിധ വകുപ്പുകളിലായി പ്രതി അഷറഫിന് 6 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം ഒന്നര വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
അന്വേഷണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിബു കെ.വി, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർ പങ്കാളികളായി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. സജികുമാർ ഹാജരായി. എസ്.സി.പി.ഒ സുരേഷ് ബാബു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.