Category: Kerala

  • സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന  യുവാവ് മരിച്ചു

    സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    മലയാറ്റൂർ നിലീശ്വരം: സ്വദേശിയായ ജിൽസ് പൗലോസ് (37) അന്തരിച്ചു. വെട്ടിയാടാൻ പൗലോസിന്റെയും ആനിയുടെയും മകനാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

    അവിവാഹിതനാണ്. സഹോദരി: ജിൽമി ജോസ്മോൻ.സംസ്കാര ചടങ്ങുകൾ നാളെ (22-01-2026) വൈകിട്ട് 3.00 മണിക്ക് നീലീശ്വരം ആശ്രമ ദേവാലയ സെമിത്തേരിയിൽ നടക്കും.

  • കെഎസ്ആർടിസിയിൽ ഡ്രൈവർമാർക്ക് ക്ഷാമം: മദ്യപിച്ച് വാഹനമോടിച്ചതിന് പിരിച്ചുവിട്ട ഡ്രൈവർമാരെ തിരിച്ചെടുക്കും

    കെഎസ്ആർടിസിയിൽ ഡ്രൈവർമാർക്ക് ക്ഷാമം: മദ്യപിച്ച് വാഹനമോടിച്ചതിന് പിരിച്ചുവിട്ട ഡ്രൈവർമാരെ തിരിച്ചെടുക്കും

    മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കിയ ഡ്രൈവർമാരിൽ, ഗുരുതരമല്ലാത്ത കുറ്റങ്ങളിലപ്പെട്ടവരും മറ്റ് നിയമലംഘനങ്ങൾ ഇല്ലാത്തവരും തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ കെഎസ്ആർടിസി കടുത്ത ഡ്രൈവർ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

    ഡ്രൈവർമാരുടെ കുറവ് സർവീസുകളെ ബാധിക്കുന്നതിനാൽ, സേവനം നിലനിർത്തുന്നതിനായാണ് പുറത്താക്കൽ നടപടി നേരിട്ട ചിലരെ തിരിച്ചെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരിച്ചെടുക്കുന്ന ഡ്രൈവർമാരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കും. ഇത് അവസാന അവസരമായിരിക്കുമെന്നും, ഇനിയും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ വീണ്ടും പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

  • വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

    വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

    തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തൻറെ വിവാദ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നതായി അറിയിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ വർഗീയ ധ്രുവീകരണത്തെ സൂചിപ്പിക്കുന്നുവെന്ന തരത്തിൽ താൻ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.

    തൻറെ വാക്കുകൾ ചിലർ വളച്ചൊടിച്ച് ഒരു പ്രത്യേക സമുദായത്തിനെതിരായ നിലപാടായി അവതരിപ്പിക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ, തൻറെ പ്രസ്താവനകൾ മൂലം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നതായി മന്ത്രി വ്യക്തമാക്കിയത്.

    മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. സിപിഎം വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. വിവാദം ശക്തമായതോടെ, മന്ത്രിയുടെ പ്രസ്താവന തിരുത്താൻ സിപിഎം നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
    വാർത്താക്കുറിപ്പിലൂടെ ഖേദം രേഖപ്പെടുത്തിയതോടെ വിഷയത്തിൽ രാഷ്ട്രീയ പ്രതികരണങ്ങൾ തുടരുമെന്നാണ് സൂചന.

  • ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

    ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

    കോഴിക്കോട്:കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വ്ലോഗറും ആക്ടിവിസ്റ്റുമായ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തിയാണ് ഷിംജിതയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വടകരയിലെ ഒരു ബന്ധുവീട്ടിൽ നിന്നാണ് ഇന്നലെ വൈകിട്ട് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

    കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെ ദീപക്കിന്റെ കൈ തന്റെ മേൽ തട്ടിയെന്നാരോപിച്ച് ഷിംജിത മുസ്തഫ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ദീപക്കിനെതിരെ വലിയ തോതിൽ സൈബർ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉണ്ടായി.

    ഇതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ ദീപക്കിനെ കഴിഞ്ഞ ജനുവരി 18ന് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിത മുസ്തഫയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

    ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയ ഷിംജിതയെ കസ്റ്റഡിയിൽ എടുത്ത ശേഷം ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

  • വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ നൂറനാട് സ്വദേശിനി സൗദിയിൽ അന്തരിച്ചു

    വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ നൂറനാട് സ്വദേശിനി സൗദിയിൽ അന്തരിച്ചു

    ജുബൈൽ: വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയ നൂറനാട് സ്വദേശിനി സൗദി അറേബ്യയിൽ അന്തരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻ വീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. ജുബൈലിൽ ജോലി ചെയ്യുന്ന ഭർത്താവ് പ്രസാദ് ജനാർദ്ദനന്റെ അടുത്തേക്ക് 11 മാസം മുമ്പാണ് മഞ്ജു സന്ദർശക വിസയിൽ എത്തിയത്. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

    താമസ സ്ഥലത്ത് നിന്ന് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയ മഞ്ജുവിനെ റെഡ് ക്രസന്റ് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഇവർ മുമ്പ് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

    ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജാനകി, അഞ്ജലി എന്നിവർ മക്കളാണ്.

  • കുര്യനാട് എംഎസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

    കുര്യനാട് എംഎസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

    കുറവിലങ്ങാട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ഗുരുതര അപകടത്തിൽ വെൺമണി കൊട്ടൂർവീട്ടിൽ ജെയിംസ് ജോർജ്‌ (48) മരിച്ചു. കൊട്ടാരക്കര കണ്ണംപള്ളിയിൽ ജോർജ് തോമസ്‌ (44)ക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട്‌ 5.30ഓടെ എംഎസി റോഡിലെ കുര്യനാട് മുണ്ടിയാനിപ്പുറം ഭാഗത്തായിരുന്നു അപകടം.

    നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എത്തിയ കാറും കോട്ടയം ഭാഗത്തുനിന്ന് ഇലക്ട്രിക് സ്കൂട്ടർ കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ മുൻഭാഗത്തേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

    ഗുരുതരമായി പരിക്കേറ്റ ജെയിംസ് ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർജ് തോമസിനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    അപകട വിവരം അറിഞ്ഞ് കുറവിലങ്ങാട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു; അപകടകാരണം അന്വേഷിച്ചുവരികയാണ്.

  • ചെങ്ങന്നൂരിൽ ബക്കറ്റിൽ വീണു രണ്ട് വയസുകാരന് ദാരുണാന്ത്യം

    ചെങ്ങന്നൂരിൽ ബക്കറ്റിൽ വീണു രണ്ട് വയസുകാരന് ദാരുണാന്ത്യം

    ആലപ്പുഴ: ചെങ്ങന്നൂരിൽ കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണു രണ്ട് വയസുകാരന് ദാരുണാന്ത്യം. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് – ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി. തോമസാണ് മരിച്ചത്.
    അമ്മ അറിയാതെ കുഞ്ഞ് കുളിമുറിയിലേക്കു കയറിയതായാണ് വിവരം.

    കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്കരിച്ചു; പുതുക്കിയ പാക്കേജ് 2026 ജനുവരി മുതൽ

    റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്കരിച്ചു; പുതുക്കിയ പാക്കേജ് 2026 ജനുവരി മുതൽ

    തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ, റേഷന്‍ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്‌കരിക്കാൻ തീരുമാനമായി.

    ചർച്ചയിൽ കൈവരിച്ച ധാരണ പ്രകാരം, പ്രതിമാസം 15 ക്വിന്റൽ വരെ വിതരണം നടത്തുന്ന റേഷന്‍ കടകൾക്ക് 6,800 രൂപ കമ്മീഷൻ നൽകും. 15 ക്വിന്റലിന് മുകളിൽ 45 ക്വിന്റൽ വരെ വിതരണം നടത്തുന്നവർക്കു അടിസ്ഥാന കമ്മീഷൻ 9,000 രൂപയായി നിശ്ചയിക്കുകയും, വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിൽ അധിക കമ്മീഷൻ നൽകുകയും ചെയ്യും. 45 ക്വിന്റലിന് മുകളിലുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷൻ 21,000 രൂപയായി ഉയർത്തുകയും, 45 ക്വിന്റലിന് മുകളിലായി വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിൽ കമ്മീഷൻ നൽകാനും തീരുമാനമായി.

    പരിഷ്‌കരിച്ച വേതന പാക്കേജു പ്രകാരം, നിലവിൽ റേഷന്‍ വ്യാപാരികൾക്ക് ലഭിച്ചിരുന്ന പരമാവധി അടിസ്ഥാന വേതനം 18,000 രൂപയിൽ നിന്ന് 21,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, അധിക കമ്മീഷൻ തുകയായിരുന്ന 180 രൂപ 270 രൂപയായി ഉയർത്തിയതും വ്യാപാരികൾക്ക് ആശ്വാസമാകുന്ന തീരുമാനമായി.

  • കെ.എസ്.ആർ.ടി.സി–എസ്.ബി.ഐ കോർപ്പറേറ്റ് സാലറി പാക്കേജ്: അപകട ഇൻഷുറൻസ് തുക കൈമാറി

    കെ.എസ്.ആർ.ടി.സി–എസ്.ബി.ഐ കോർപ്പറേറ്റ് സാലറി പാക്കേജ്: അപകട ഇൻഷുറൻസ് തുക കൈമാറി

    തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി–സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കോർപ്പറേറ്റ് സാലറി പാക്കേജിന്റെ ഭാഗമായി ലഭിക്കുന്ന ഒരു കോടി രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് തുക, കെ.എസ്.ആർ.ടി.സി പൂവാർ യൂണിറ്റിലെ ഡ്രൈവറായിരുന്ന പരേതനായ സുഗതന്റെ ആശ്രിതർക്ക് കൈമാറി. 2026 ജനുവരി 20 ചൊവ്വാഴ്ച വൈകിട്ട് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി തുക കൈമാറി.

    ചടങ്ങിൽ കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, എസ്.ബി.ഐ ഉദ്യോഗസ്ഥർ, ഇൻഷുറൻസ് പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

    കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ കെ.എസ്.ആർ.ടി.സി, ജീവനക്കാരുടെ ജീവിതസുരക്ഷയും കുടുംബങ്ങളുടെ ഭാവിയും ഉറപ്പാക്കുന്നതിനായി വിപുലമായ ക്ഷേമപദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ചടങ്ങിൽ നേതൃത്വം വ്യക്തമാക്കി. ജീവനക്കാർക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളോ പ്രതിസന്ധികളോ അവരുടെ കുടുംബങ്ങളെ തളർത്താതിരിക്കാനുള്ള ലക്ഷ്യത്തോടെയാണ് ‘കോർപ്പറേറ്റ് സാലറി പാക്കേജ്’ ആവിഷ്കരിച്ചതെന്നും ഇത് ചരിത്രപരമായ ചുവടുവെപ്പായി മാറിയതായും അധികൃതർ പറഞ്ഞു.

    2013 മുതൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് വിതരണം ചെയ്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഈ സാഹചര്യം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി, ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ബി.ഐ പ്രതിനിധികളുമായി നടത്തിയ നിരവധി ചർച്ചകളുടെ ഫലമായി, 2025 മേയ് 5ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി പ്രത്യേകമായി തയ്യാറാക്കിയ ‘കോർപ്പറേറ്റ് സാലറി പാക്കേജ്’ കരാറിൽ എസ്.ബി.ഐയും കെ.എസ്.ആർ.ടി.സി യും ഒപ്പുവെച്ചു.
    ഈ പാക്കേജിന്റെ ആനുകൂല്യങ്ങൾ 2025 ജൂൺ 4 മുതൽ കെ.എസ്.ആർ.ടി.സി യിലെ ഏകദേശം 22,500 സ്ഥിരം ജീവനക്കാർക്ക് ലഭ്യമാണ്. ജീവനക്കാർക്ക് ഒരു കോടി രൂപ വരെ ലഭ്യമാകുന്ന വ്യക്തിഗത അപകട ഇൻഷുറൻസ് ഉൾപ്പെടെ വിവിധ ഇൻഷുറൻസ് പരിരക്ഷകളാണ് പാക്കേജിന്റെ പ്രധാന സവിശേഷത.

    യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഇല്ലാതെ (സീറോ കോസ്റ്റ്) ലഭിക്കുന്ന ഈ സുരക്ഷാ പദ്ധതി കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ തൊഴിലാളി സൗഹൃദ സമീപനത്തിന്റെ തെളിവാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിലൂടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ വലിയൊരു ആശ്വാസമാണ് കൈവന്നിരിക്കുന്നത്.

    സമഗ്ര ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന സവിശേഷതകൾ: • ജോലി സമയത്തോ അല്ലാതെയോ ഉണ്ടാകുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടാൽ കുടുംബത്തിന് ₹1 കോടി രൂപയുടെ സാമ്പത്തിക സഹായം. • അപകടം മൂലം പൂർണ്ണ വൈകല്യം സംഭവിച്ചാൽ ₹1 കോടി വരെയും, ഭാഗിക വൈകല്യത്തിന് ₹80 ലക്ഷം വരെയും ഇൻഷുറൻസ് പരിരക്ഷ. • സ്വാഭാവിക മരണത്തിന് അർഹതയുള്ള ജീവനക്കാരുടെ കുടുംബത്തിന് ₹6 ലക്ഷം രൂപ അടിയന്തര സഹായം.

    കുടുംബത്തിന്റെ ഭാവിക്കായി പ്രത്യേക കരുതൽ: അപകടം സംഭവിച്ച ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ₹10 ലക്ഷം വരെ സഹായം, പെൺമക്കളുടെ വിവാഹത്തിനായി ₹5 ലക്ഷം മുതൽ പരമാവധി ₹10 ലക്ഷം വരെ അധിക സഹായം, കൂടാതെ വിദേശ മരുന്നുകളും അത്യാധുനിക ചികിത്സാ ഉപകരണങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക മെഡിക്കൽ കവറേജും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ആരോഗ്യ സുരക്ഷയും ദീർഘകാല പരിരക്ഷയും: ₹2 ലക്ഷം മുതൽ ₹30 ലക്ഷം വരെ വിവിധ മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ശേഷവും 75 വയസ്സ് വരെ ഈ ഇൻഷുറൻസ് പുതുക്കി ഉപയോഗിക്കാമെന്നത് ജീവനക്കാർക്ക് വലിയ ആശ്വാസമാകുന്നുവെന്നും അധികൃതർ അറിയിച്ചു.

    എസ്.ബി.ഐയ്ക്കു പുറമേ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും സമാന കരാർ ഒപ്പുവെച്ചതോടെ, ജീവനക്കാർക്ക് തങ്ങൾക്ക് അനുയോജ്യമായ ബാങ്കിംഗ് സേവനങ്ങളും ആനുകൂല്യങ്ങളും തിരഞ്ഞെടുക്കാനുള്ള അവസരവും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്.

  • കൊട്ടാരക്കരയിൽ മാതൃകാ കോടതി സമുച്ചയം: ഭൂമി കൈമാറിയാൽ പദ്ധതി നടപ്പാക്കാം – കൊടിക്കുന്നിൽ സുരേഷ് എംപി

    കൊട്ടാരക്കരയിൽ മാതൃകാ കോടതി സമുച്ചയം: ഭൂമി കൈമാറിയാൽ പദ്ധതി നടപ്പാക്കാം – കൊടിക്കുന്നിൽ സുരേഷ് എംപി

    കൊട്ടാരക്കര: കൊട്ടാരക്കരയുടെ നീതിന്യായ സംവിധാനത്തെ കൂടുതൽ ശക്തവും ആധുനികവുമാക്കുന്ന സുപ്രധാന ഇടപെടലിന്റെ ഭാഗമായി എറണാകുളത്ത് ഹൈക്കോടതി രജിസ്ട്രാറെ നേരിൽ സന്ദർശിച്ച് നടത്തിയ ചർച്ചയിൽ, കൊട്ടാരക്കരയിൽ അഞ്ച് ഏക്കർ ഭൂമി കൈമാറുകയാണെങ്കിൽ കേന്ദ്ര–സംസ്ഥാന ഫണ്ടുകൾ സംയോജിപ്പിച്ച് ഒരു മാതൃകാ കോടതി സമുച്ചയം സ്ഥാപിക്കാൻ സാധിക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

    നിലവിലുള്ള കോടതികൾക്ക് ഒരു വിധത്തിലുള്ള നഷ്ടവും ഉണ്ടാകാതെ, പുതിയ കോടതികൾ അനുവദിക്കുന്നതിനാവശ്യമായ കെട്ടിടങ്ങൾ, അഭിഭാഷകരും ബാർ അസോസിയേഷനും വേണ്ടിയുള്ള ആധുനിക സൗകര്യങ്ങൾ, ജുഡീഷ്യൽ ഓഫീസർമാർക്കായുള്ള ഔദ്യോഗിക വസതികൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര കോടതി സമുച്ചയമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

    ഈ പദ്ധതിക്കാവശ്യമായ മൊത്തച്ചെലവിന്റെ 60 ശതമാനം കേന്ദ്ര സർക്കാർ വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര നിയമ-ന്യായ വകുപ്പ് മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ ഉറപ്പുനൽകിയതായും, ശേഷിക്കുന്ന 40 ശതമാനം ഫണ്ട് സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടതുണ്ടെന്നും എംപി വ്യക്തമാക്കി.