ഇടുക്കി:കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരായ അണ്ടർ സെക്രട്ടറി ബ്രജേഷ് കുമാർ, സെക്ഷൻ ഓഫീസർ ചന്ദർ മോഹൻ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അജയ് മോഹൻ എന്നിവർ ജില്ലയിലെ തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ജില്ല സന്ദർശിച്ചു. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) പ്രവർത്തനങ്ങളുടെ പുരോഗതിയും പോളിംഗ് ബൂത്ത് റാഷണലൈസേഷൻ നടപടികളും സംഘം വിശദമായി പരിശോധിച്ചു.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളോടുള്ള തൃപ്തി സംഘം രേഖപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഡിസംബർ 4നകം എസ്.ഐ.ആർ. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് കളക്ടർ വ്യക്തമാക്കി.
ബ്ലോക്കു ലെവൽ ഓഫീസർമാർ (BLO) നേരിടുന്ന വെല്ലുവിളികളും യോഗത്തിൽ ചർച്ചയായി. ജില്ലയിലെ 12-ലധികം പ്രദേശങ്ങളിൽ സിഗ്നൽ അപര്യാപ്തത, ദേവികുളം, പീരുമേട് എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾ പകൽ സമയത്ത് വീടുകളിൽ ഇല്ലാത്തത്, തമിഴ്നാട്–ഇടുക്കി അതിർത്തിയിലുള്ള ഭാഷാ ബുദ്ധിമുട്ടുകൾ, പല സ്ഥലങ്ങളിലും ഉണ്ടാകുന്ന വന്യമൃഗാക്രമണം, പ്രത്യേകിച്ച് കാട്ടാന ആക്രമണം തുടങ്ങിയ വിപത്തുകൾ വിവര ശേഖരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കാര്യം ബിഎൽഓമാർ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.
ജില്ലാ കളക്ടറിന്റെ ചേംബറിൽ നടന്ന അവലോകന യോഗത്തിൽ സബ് കളക്ടർമാരായ അനൂപ് ഗാർഗ്, ആര്യ വി.എം., ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ്, ബിഎൽഓമാർ, റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
