
ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ജോബ് മൈക്കിൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 7.05 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം നടക്കുന്നത്. വിവിധ വർഷങ്ങളിലെ എം.എൽ.എ. ഫണ്ടുകൾ ഏകോപിപ്പിച്ച് പ്രത്യേക അനുമതി നേടി നിർമാണം സാധ്യമാക്കിയതാണെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് 905 ചതുരശ്ര മീറ്ററിൽ രണ്ടുനിലകളിലായി ഓവൽ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ ഒന്നാം നിലയിലെ കോൺക്രീറ്റിങ് ജോലികൾ പുരോഗമിക്കുകയാണ്.
താഴത്തെ നിലയിൽ എൻക്വയറി, ടിക്കറ്റ് കൗണ്ടർ, പോലീസ് എയ്ഡ് പോസ്റ്റ്, കോഫി ബാർ, ഹെൽത്ത് റൂം, സ്റ്റേഷൻ മാസ്റ്ററുടെ മുറി, കാത്തിരിപ്പ് മുറി, സെക്യൂരിറ്റി മുറി, ഇലക്ട്രിക്കൽ മുറി, മുലയൂട്ടൽ മുറി എന്നിവ സജ്ജീകരിക്കും. ഒന്നാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി ശീതീകരിച്ച ഡോർമിറ്ററി സൗകര്യം ഒരുക്കും. കൂടാതെ റിസപ്ഷൻ, ക്ലോക്ക് റൂം, കെയർടേക്കർ മുറി, ബേക്കറി, ജ്യൂസ് പാർലർ എന്നിവയും ഉണ്ടായിരിക്കും.
കാലപ്പഴക്കത്തെത്തുടർന്ന് അപകട ഭീഷണി ഉയർന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം താൽക്കാലിക കാത്തിരിപ്പ് കേന്ദ്രവും നിലവിൽ പ്രവർത്തിക്കുന്നു.
