You are currently viewing ചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍: 42,000 കോടി നിക്ഷേപം, 50,000 തൊഴിലവസരങ്ങള്‍

ചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍: 42,000 കോടി നിക്ഷേപം, 50,000 തൊഴിലവസരങ്ങള്‍

ചവറ: കെ.എം.എം.എല്‍ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) സഹകരണത്തോടെ ചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക പ്രാധാന്യം ലഭിച്ചു. പദ്ധതി നടപ്പാകുന്നതോടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പേര്‍ക്ക് നേരിട്ടും പരോക്ഷവുമായ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രതിരോധമേഖലയ്ക്ക് അത്യന്താപേക്ഷിതമായ തോറിയം, സ്കാന്‍ഡിയം ഉള്‍പ്പെടെയുള്ള റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ചവറ അടക്കമുള്ള കേരള തീരപ്രദേശങ്ങളില്‍ സുലഭമാണ്. സി.ടി. സ്കാന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെയും സ്ഥിരകാന്തക (Permanent Magnet) നിര്‍മാണത്തിന്റെയും നിര്‍ണായക ഘടകങ്ങളാണ് ഇവ. ചവറയേയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോറിന്റെ ഒരു പ്രധാന കേന്ദ്രം ചവറയിലെ കെ.എം.എം.എല്‍ ക്യാമ്പസിനോട് ചേര്‍ന്ന് സ്ഥാപിക്കും. ഇതോടെ ചവറ രാജ്യത്തെ ഏറ്റവും വലിയ പെര്‍മനന്‍റ് മാഗ്നറ്റ് ഹബ്ബായി മാറും.

പദ്ധതിക്കായി ചിറ്റൂര്‍, കളരി മേഖലകളിലെ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ബജറ്റില്‍ ഇതിന് ഇടം നല്‍കിയിരിക്കുന്നത് ചവറയ്ക്ക് ലഭിച്ച പ്രത്യേക പരിഗണനയാണെന്നും ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള പറഞ്ഞു

കൂടാതെ കെ.എം.എം.എല്‍, കെല്‍ട്രോണ്‍, എന്‍.എഫ്.ടി.ഡി.സി എന്നിവയെ പങ്കാളികളാക്കി റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ രൂപീകരിക്കാന്‍ 100 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. മാരിടൈം അക്കാദമിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 5.50 കോടി രൂപയും നീക്കിവച്ചു. സിയാല്‍ മോഡലില്‍ അക്കാദമി വികസിപ്പിക്കുന്നതിനായി 100 കോടി രൂപയുടെ നിക്ഷേപം ടെന്‍ഡര്‍ മുഖേന ലഭിച്ചിട്ടുണ്ടെന്നും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും എംഎൽഎ പറഞ്ഞു

അഷ്ടമുടിക്കായലിന് ചുറ്റും സൈക്കിള്‍ ട്രാക്ക് വികസിപ്പിക്കുന്നതിന് 10 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. ടൂറിസത്തിനും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനും ഇത് ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ചവറ മണ്ഡലത്തില്‍ ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 10 കോടി രൂപ ഭരണാനുമതി ലഭിച്ചിരുന്നു. 300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ഈ വര്‍ഷവും 10 കോടി രൂപ വീണ്ടും വകയിരുത്തി. സിയാല്‍ മോഡലില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി മേഖലയുടെ ടൂറിസം സാധ്യതകള്‍ ഗണ്യമായി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply