
ചിതറ: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന “കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്” പദ്ധതിയുടെ ഉദ്ഘാടനം ചിതറ എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു.

പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എട്ടും ഒൻപതും ക്ലാസുകളിലെ 333 വിദ്യാർത്ഥികൾക്ക് വീതം അഞ്ചു കോഴിക്കുഞ്ഞുങ്ങൾ, ഒരു കിലോ കോഴിത്തീറ്റ, ആവശ്യമായ മരുന്നുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു. കുട്ടികളിൽ സ്വയംപര്യാപ്തതയും കാർഷിക–മൃഗസംരക്ഷണ മേഖലയിലേക്കുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവും ഉത്തരവാദിത്വബോധവും നൽകുന്നതിനൊപ്പം കുടുംബതലത്തിൽ ചെറിയ വരുമാനസാധ്യതകളും സൃഷ്ടിക്കാനാകുമെന്നു മന്ത്രി പറഞ്ഞു. പൗൾട്രി വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധ സ്കൂളുകളിലായി പദ്ധതി വ്യാപിപ്പിക്കുമെന്നും അറിയിച്ചു.
സ്കൂൾ അധികൃതർ, ജനപ്രതിനിധികൾ, പൗൾട്രി വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.