
തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രസ്മാരകമായ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പദ്ധതിയുടെ ഒന്നാംഘട്ടം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കിയത്.

ആദ്യഘട്ടത്തിനായി 67.17 കോടി രൂപയാണ് ചെലവഴിച്ചത്. അപ്രോച്ച് റോഡ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, അത്യാധുനിക എയർ കണ്ടീഷൻഡ് മീഡിയം ഷൂട്ടിംഗ് ഫ്ലോർ, ആധുനിക ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണം ഈ ഘട്ടത്തിൽ പൂർത്തിയാക്കി. ഇതോടെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെ പ്രധാന സൗകര്യങ്ങൾ പ്രവർത്തനസജ്ജമായി.
പരിപാടിയുടെ ഭാഗമായി മലയാള സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ജെ.സി. ഡാനിയലിന്റെ പ്രതിമയും മന്ത്രി അനാച്ഛാദനം ചെയ്തു.
ചിത്രാഞ്ജലി സ്റ്റുഡിയോയെ ഏഷ്യയിലെ മികച്ച ഫിലിം പ്രൊഡക്ഷൻ ഹബ്ബുകളിലൊന്നാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ സംസ്ഥാനത്ത് സിനിമാ നിർമ്മാണത്തിനും സാങ്കേതിക വികസനത്തിനും വലിയ പ്രോത്സാഹനമാകും ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.