You are currently viewing സിയാലിനെ സമ്പൂർണ്ണ ഏവിയേഷൻ എക്കോസിസ്റ്റമാക്കി മാറ്റും; കൊച്ചി രാജ്യത്തെ വിമാന അറ്റകുറ്റപ്പണികളുടെ ഹബ്ബാകും – മുഖ്യമന്ത്രി പിണറായി വിജയൻ

സിയാലിനെ സമ്പൂർണ്ണ ഏവിയേഷൻ എക്കോസിസ്റ്റമാക്കി മാറ്റും; കൊച്ചി രാജ്യത്തെ വിമാന അറ്റകുറ്റപ്പണികളുടെ ഹബ്ബാകും – മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ യാത്രാ കേന്ദ്രം എന്നതിലുപരി ലോകനിലവാരത്തിലുള്ള സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാലിന്റെ ബൃഹദ് പദ്ധതിയായ ‘എയ്റോ പാർക്ക്’ ഫേസ് വണ്ണിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സിയാലിന്റെ വളർച്ച ഓഹരി ഉടമകൾക്ക് മാത്രമല്ല, യാത്രക്കാർക്കും സംസ്ഥാനത്തിനും രാജ്യത്തിനും വലിയ നേട്ടമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എയ്റോ പാർക്ക് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 101 കോടി രൂപയുടെ വിപുലമായ സൗകര്യങ്ങളാണ് സിയാൽ ഒരുക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും എംആർഒ (മെയിന്റനൻസ്, റിപെയർ ആൻഡ് ഓവർഹാൾ) വിഭാഗത്തിനും പുറമേ, വിവിധ തരത്തിലുള്ള സാങ്കേതിക വിദഗ്ധർക്ക് ആവശ്യമായ സൗകര്യങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ നടത്താനുള്ള സംവിധാനം, വിമാനങ്ങൾ ദീർഘകാലം പാർക്ക് ചെയ്യാനുള്ള സൗകര്യം, സ്റ്റോറേജ് സംവിധാനങ്ങൾ, സെമിനാർ ഹോളുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. എയർപോർട്ട് ഓപ്പറേഷൻ ഏരിയയിലേക്കും സിറ്റി സൈഡിലേക്കും കണക്ടിവിറ്റിയും ഒരുക്കാനാണ് ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നേരിട്ട് 2,000 പേർക്കും പരോക്ഷമായി അതിന്റെ മൂന്നിരട്ടി ആളുകൾക്കും തൊഴിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എയ്റോ പാർക്ക് ആദ്യഘട്ടത്തിന്റെ ഭാഗമായി ബിസിനസ് സെന്റർ, ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി സെന്റർ, ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് സെന്റർ എന്നിവയുടെ പ്രവർത്തനങ്ങൾക്കും തുടക്കമാകും. 40,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 30 കോടി രൂപ ചെലവിൽ നിർമിച്ച സിഐഎഎസ്എൽ ബിസിനസ് സെന്ററിൽ ഓഫിസിനും സപ്പോർട്ട് സർവീസുകൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏവിയേഷൻ അനുബന്ധ സേവനങ്ങൾ, ബാങ്കിംഗ്, കൺസൾട്ടൻസി തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഇത് വലിയ സഹായമാകും.
എയർസൈഡ് ഓപ്പറേഷൻസിന്റെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി 13 കോടി രൂപ ചെലവിൽ അത്യാധുനിക ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ സാങ്കേതിക പരിപാലന രംഗത്ത് ആവശ്യമായ യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും സംഭരണം, വിന്യാസം, അറ്റകുറ്റപ്പണികൾ എന്നിവ ഇതിലൂടെ സാധ്യമാകും.
അഗ്നിശമന സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 2 കോടി രൂപ ചെലവിൽ 800 ചതുരശ്ര അടിയിൽ നിർമിച്ച ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് സെന്റർ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതാണ്. അതീവ ദുഷ്കരമായ സാഹചര്യങ്ങളിൽ പോലും രക്ഷാപ്രവർത്തനം നടത്താൻ സേനാംഗങ്ങളെ പ്രാപ്തരാക്കുന്നതിൽ ഈ കേന്ദ്രം നിർണായകമാകും. സംസ്ഥാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഇതിന് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എയ്റോ പാർക്ക് ഫേസ് വണ്ണിന്റെ ഭാഗമായി 56 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ കൂടി ഉടൻ സജ്ജമാക്കും. 45 കോടി രൂപ ചെലവിൽ കേരളത്തിലെ ആദ്യത്തെ കവേഡ് എയർക്രാഫ്റ്റ് പാർക്കിംഗ് സംവിധാനങ്ങളോടുകൂടിയ കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇന്ത്യൻ വ്യോമയാന ഭൂപടത്തിൽ കൊച്ചിയെ ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. 8 കോടി രൂപ ചെലവിൽ ഒരുക്കുന്ന ഏവിയേഷൻ പ്രഷർ സെറ്റഡ് ഫയർ ഫൈറ്റിംഗ് ഫെസിലിറ്റി അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകും.
ഇന്ത്യയിൽ ആദ്യമായി വിമാനത്താവളത്തിനുള്ളിൽ സജ്ജമാക്കുന്ന അത്യാധുനിക അണ്ടർവാട്ടർ ക്രൂ മെയിന്റനൻസ് സൗകര്യവും ഒരുക്കുന്നുണ്ട്. 3 കോടി രൂപ ചെലവിൽ വരുന്ന ഈ പദ്ധതി ജലാശയങ്ങളിൽ ഉണ്ടാകാനിടയുള്ള അപകട സാഹചര്യങ്ങളെ നേരിടാൻ രക്ഷാ സേനയെ സജ്ജമാക്കും. സിയാൽ ഐടി പാർക്ക് ഉൾപ്പെടുന്ന എയ്റോ പാർക്ക് രണ്ടാം ഘട്ടവും, എയറോസിറ്റി ഉൾപ്പെടുന്ന മൂന്നാം ഘട്ടവും പൂർത്തിയാകുന്നതോടെ സിയാൽ സമ്പൂർണ്ണ ഏവിയേഷൻ എക്കോസിസ്റ്റമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായി. ഹാരിസ് ബീരാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷൺ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, കൗൺസിലർമാർ, സിഐഎഎസ്എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply