
തിരുവനന്തപുരം: തിരുവനന്തപുരത്തെ എ.ആർ ക്യാമ്പിൽ സേവനമനുഷ്ഠിച്ചിരുന്ന സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പ്വിള അനിൽ ഭവനത്തിൽ അഖിൽ (27) ആണ് മരിച്ചത്.

വയനാട് സ്വദേശിയായ കാമുകിയുടെ ആത്മഹത്യയെ തുടർന്ന് മാനസികമായി തകർന്നതാണ് അഖിൽ ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാമുകിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ എത്തി കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങിയ അഖിൽ, പിന്നീട് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മരണത്തിന് മുമ്പ് പുലർച്ചെ അഖിൽ തന്റെ സാമ്പത്തിക ഇടപാടുകളും കാറിനെ സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തി ഒരു സുഹൃത്തിന് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
രണ്ടര വർഷം മുൻപാണ് അഖിൽ കേരള പോലീസ് സേനയിൽ പ്രവേശിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.