
കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പോരുവഴിയിലെ ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ സുധി സോമനാണ് മരണപ്പെട്ടത്. മുതുപിലാക്കാട് കണ്ണാടി കുളത്തിലാണ് ദാരുണ സംഭവം നടന്നത്.

സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്താൻ എത്തിയതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കുളത്തിൽ ഇറങ്ങിയ സുധി അപ്രതീക്ഷിതമായി മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സുധിയെ പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞവർഷവും സമാനമായ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തരമായി കുളത്തിനു ചുറ്റും സുരക്ഷാ വേലികൾ കെട്ടണമെന്നും അവർ ആവശ്യപ്പെട്ടു