You are currently viewing ജില്ലയിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ കലക്ടറുടെ നിർദേശം

ജില്ലയിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ കലക്ടറുടെ നിർദേശം

കൊല്ലം:തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടപ്രകാരവും ഹൈക്കോടതി നിർദേശമനുസരിച്ചും ജില്ലയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ഹോർഡിംഗുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ് നിർദേശിച്ചു. ജില്ലയിലെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട നിരീക്ഷണയോഗത്തിൽ ചേംബർ ഹാളിൽ അധ്യക്ഷത വഹിക്കുമ്പോഴായിരുന്നു നിർദേശം.

ബോർഡുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ലഭിച്ച 14 പരാതികളിൽ ത്വരിത നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ വ്യക്തമാക്കി. ചട്ടവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ഹോർഡിംഗുകളും നീക്കം ചെയ്യാൻ ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡിനെ ചുമതലപ്പെടുത്തി. നടപടിയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറിമാർ നൽകണമെന്നും, നടപടി പൂർത്തിയായതിന് ശേഷം പരാതിക്കാർക്ക് മറുപടി നൽകണമെന്നും കലക്ടർ നിർദേശിച്ചു.

യോഗത്തിൽ സമിതി കൺവീനറായ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എസ്. സുബോധ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി. പ്രതീപ് കുമാർ, റൂറൽ ഡി.വൈ.എസ്.പി. രവി സന്തോഷ്, ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply