
അങ്കമാലി: അങ്കമാലി ടെൽക് ജംഗ്ഷനിലെ ലക്ഷ്മി ഭവൻ ഹോട്ടലിന് മുന്നിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ 19-കാരിയായ ജാസ്‌ലിയ ജോൺസൺ മരണപ്പെട്ടു. മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം ഓണേഴ്സ് വിദ്യാർത്ഥിനിയായിരുന്നു ജാസ്‌ലിയ.
ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 7.30ഓടെയാണ് അപകടം ഉണ്ടായത്.

പതിവുപോലെ പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്‌ലിയയെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏകദേശം 50 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണ ജാസ്‌ലിയയെ ആദ്യം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതരമായ തലയ്ക്ക് പരിക്ക് ഉണ്ടായതിനാൽ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി വരികയായിരുന്നു.
ഇന്ന് രാവിലെ 6.38ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
വൈപ്പിൻ എടവനക്കാട് സ്വദേശിനിയായ ജാസ്‌ലിയ കളത്തിപ്പറമ്പിൽ ജോൺസന്റെയും ലീമയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ്. എടവനക്കാടിലെ സാമ്പത്തിക പരിമിതികളുള്ള ഒരു സാധാരണ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ജാസ്‌ലിയ, മോണിംഗ് സ്റ്റാർ ഹോസ്റ്റലിൽ താമസിച്ച് പഠനത്തോടൊപ്പം ഡൊമിനോസിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു.