
കൊട്ടാരക്കര: കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. കെ.ഐ.പി. രവി നഗറിലെ 50 സെന്റ് സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന കൊട്ടാരക്കര നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
15.36 കോടി രൂപ ചെലവിലാണ് നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരം നിർമ്മിക്കുന്നത്. പാർക്കിംഗ് സൗകര്യത്തോടെ 31,000 ചതുരശ്ര അടിയിൽ ഒരുക്കുന്ന കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പുതിയ ബൈപാസ് പദ്ധതിയുടെ സ്ഥലമെറ്റെടുപ്പ് പുരോഗമിക്കുകയാണ്. 300 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കൂടാതെ, റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.
നെടുവത്തൂരിൽ പ്രവർത്തനം ആരംഭിച്ച സോഹോ കോർപ്പറേഷന്റെ ഐടി പാർക്ക് മികച്ച രീതിയിൽ മുന്നേറുകയാണ്. 140 പേർക്ക് ജോലി ചെയ്യാനാകുന്ന ‘വർക്ക് നിയർ ഹോം’ കേന്ദ്രത്തിന്റെ ട്രയൽ പ്രവർത്തനങ്ങളും നിലവിൽ നടക്കുന്നു. കൊട്ടാരക്കരയുടെ എല്ലാ മേഖലയിലും സമഗ്രമായ വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
147,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന കൊട്ടാരക്കര ഐടി പാർക്കിനായി 80 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊല്ലത്തും ഐടി പാർക്ക് യാഥാർത്ഥ്യമാകുമെന്നും പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ. കെ. ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷനായിരുന്നു.
