
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ വാതക ശ്മശാനത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. മെഡിക്കൽ കോളജ് കാമ്പസിലെ 50 സെന്റ് സ്ഥലത്താണ് പദ്ധതിയൊരുക്കുന്നത്. ഏകദേശം ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് എം.എൽ.എ ഫണ്ടിന്റെ സഹായത്തോടെ ശ്മശാനം നിർമിക്കുന്നത്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ദുർഗന്ധമില്ലാതെ വേഗത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് പദ്ധതി. എൽ.പി.ജി. ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ മലിനീകരണം ഉണ്ടാകില്ല, കൂടാതെ ശാസ്ത്രീയമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഉണ്ടാകും.
ശ്മശാനത്തിനൊപ്പം സെക്യൂരിറ്റി, ഓഫീസ്, ജനറേറ്റർ മുറികൾ, പാർക്കിംഗ് സൗകര്യം, പൂന്തോട്ടം, വിളക്കുകൾ, ശൗചാലയം, ഓവുചാൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
മെഡിക്കൽ കോളജിൽ എത്തുന്ന അനാഥ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ഈ ശ്മശാനം പ്രയോജനപ്പെടും. നിലവിൽ മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന് പൊതുശ്മശാനം ഇല്ലാത്തതിനാൽ, ഈ പദ്ധതി വലിയ ആശ്വാസമാകും. കൂടാതെ, ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മറ്റു ഗ്രാമപഞ്ചായത്തുകൾക്കും പുതിയ ശ്മശാനം ഗുണകരമായിരിക്കും.
