
മൈലത്ത് ആധുനിക മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഗ്രാമപഞ്ചായത്ത് വികസന സദസ് മുട്ടമ്പലം മുകളില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നരക്കോടി രൂപ ചെലവിലാണ് മാര്‍ക്കറ്റ് സമുച്ചയം വരുന്നത്. സംസ്ഥാനത്ത് ഗ്രാമീണറോഡുകളുടെ നവീകരണം പുരോഗമിക്കുന്നു. 1000 കോടി രൂപയാണ് ചിലവാക്കുക. മൈലം ആയുര്‍വേദ ആശുപത്രിയും നിര്‍മാണപുരോഗതിയിലാണ്. കൊട്ടാരക്കരയില്‍ വര്‍ക്ക് നിയര്‍ ഹോമിന്റെ പ്രവര്‍ത്തനവും തുടങ്ങാറായി എന്ന് മന്ത്രി അറിയിച്ചു.
ഗ്രാമപഞ്ചായത്തിന്റെ വികസനരേഖയും പ്രകാശനം ചെയ്തു. മൈലം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ലൈഫ് പദ്ധതി വഴി 227 വീടുകള്‍ നല്കി. രണ്ടു കോടി രൂപ ചെലവഴിച്ച് മൈതാനങ്ങള്‍ നവീകരിച്ചു. 3.5 ലക്ഷം രൂപ ചെലവഴിച്ച് കാരമുകള് തോടിന് സംരക്ഷണഭിത്തി നിര്‍മിച്ചു.

അതിദാരിദ്ര്യനിര്മാര്ജനപദ്ധതിയില് ഉള്‍പ്പെട്ട 48 കുടുംബങ്ങള്‍ക്ക് മാസംതോറും ഭക്ഷ്യകിറ്റ് നല്കുന്നു. പൂക്കളുടെ ലഭ്യത പ്രാദേശികമായി ഉറപ്പുവരുത്താന്‍ ജമന്തി, ഹാരജമന്തി, വാടാമല്ലി, ചെണ്ടുമല്ലി, പിച്ചി, കുറ്റിമുല്ല എന്നിവ കൃഷിചെയ്ത് വിപണനംനടത്തി. മൈലം നൂറ് ശതമാനം ഗ്രീന്‍ എനര്‍ജി ഗ്രാമമാക്കി മാറ്റുമെന്നും വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ പഞ്ചായത്ത് പരിധിയില്‍ നിര്‍മിക്കുമെന്നും വികസന സദസ്സില്‍ വ്യക്തമാക്കി.