
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ കുട്ടനാട് നിയോജകമണ്ഡലം, വീയപുരം പഞ്ചായത്തിൽ കൂടി കടന്നുപോകുന്ന ഹരിപ്പാട്–തിരുവല്ല റൂട്ടിലെ ഗതാഗതക്കുരുക്കുകൾക്ക് സ്ഥിരമായ പരിഹാരം നൽകുകയും, തീരദേശ മേഖലയിലെ യാത്രാ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്ന തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനങ്ങൾ ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി റെയിൽവേയുടെ 100 ശതമാനം ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്.
തീരദേശ റെയിൽപാതയിലെ തിരക്കേറിയതും അപകടസാധ്യതയേറിയതുമായ തൃപ്പക്കുടം ലെവൽ ക്രോസ് (No.115) 85/100-200 ഭാഗത്താണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഈ ഭാഗം ഹരിപ്പാട്, തിരുവല്ല, എടത്വ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന ഗതാഗത ബന്ധമാണെന്നതിനാൽ, ദിവസവും വാഹനങ്ങളുടെയും യാത്രക്കാരുടെയും നീണ്ട നിരയും ഗതാഗത തടസ്സങ്ങളും പതിവായി അനുഭവപ്പെട്ടുവരികയായിരുന്നു.
2018-19 കാലഘട്ടത്തിൽ തന്നെ ഈ പദ്ധതിക്ക് റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നുവെങ്കിലും അന്ന് ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കേണ്ടതായിരുന്നതിനാൽ പദ്ധതി നീണ്ടുപോയിരുന്നു. തുടര്‍ന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നടത്തിയ നിരന്തര ഇടപെടലുകളും റെയിൽവേ മന്ത്രാലയവുമായി നടത്തിയ ചർച്ചകളുടെയും ഫലമായി പദ്ധതി പുനരുജ്ജീവനം നേടുകയും, പൂർണ്ണമായും റെയിൽവേ ഫണ്ടിൽ ഉൾപ്പെടുത്തി മുന്നോട്ടുപോകാനായി അംഗീകരിക്കപ്പെടുകയും ചെയ്തു.
പദ്ധതിയുടെ നിർവഹണ ഏജൻസിയായി കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KRDCL) പ്രവർത്തിക്കുന്നു. 33.395 കോടി രൂപ ചെലവിൽ മുളമൂട്ടിൽ – ജോർജ് ഏലിയാസ് (JV) കമ്പനിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. കരാറനുസൃതമായി ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ ടെസ്റ്റ് പൈലിംഗും പൈൽ ഭാരപരിശോധനയും പൂർത്തിയായിട്ടുണ്ടെന്നും, പാലത്തിന്റെ പൈലിംഗിനായുള്ള പ്രാഥമിക ജോലികൾ പുരോഗമിക്കുകയാണ്. നിർമാണത്തിനായി ആവശ്യമായ പൈലിംഗ് റിഗ് സൈറ്റിൽ എത്തിച്ചേർന്നിട്ടുള്ളതായും, വരും ദിവസങ്ങളിൽ പൈലിംഗ് ജോലികൾ പൂർണ്ണ തീവ്രതയോടെ ആരംഭിക്കും.
പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ, ഹരിപ്പാട്–തിരുവല്ല റൂട്ടിലെ ഗതാഗതക്കുരുക്കുകൾ ഗണ്യമായി കുറയുകയും, ആലപ്പുഴ-പത്തനംതിട്ട ജില്ലകൾ തമ്മിലുള്ള ഗതാഗതം വേഗതയാർന്നതും സുരക്ഷിതവുമായിത്തീരും. പ്രദേശത്തെ വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഗതാഗത സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ പ്രതീക്ഷിക്കാമെന്നും, തീരദേശ മേഖലയിൽ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്ക് ഈ പദ്ധതി വലിയ ഉത്തേജനം നൽകും.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി റെയിൽവേ, കെ.ആർ.ഡി.സി.എൽ, ജില്ലാ ഭരണകൂടം എന്നിവയുമായി തുടർച്ചയായ നിരീക്ഷണവും ഏകോപനവും ഉറപ്പാക്കുമെന്നും, ജനങ്ങളുടെ ദൈനംദിന ഗതാഗതം തടസപ്പെടാതിരിക്കാനുള്ള ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും എംപി പറഞ്ഞു.
തൃപ്പക്കുടം മേൽപ്പാലം പൂർത്തിയാകുന്നത് മാവേലിക്കര മണ്ഡലത്തിന്റെ ഗതാഗത ഭൂപടത്തിൽ ഒരു ചരിത്രപരമായ വികസന ചുവടുവയ്പ്പായിരിക്കും.
