
കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ യുഡിഎഫ് കൗൺസിലർ ജോമി മാത്യുവിന് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മംഗലത്ത് താഴം സ്വദേശിയായ ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജോമി മാത്യുവിന്റെ ആരോപണം. എന്നാൽ കഴിഞ്ഞ ദിവസം ജോമി മാത്യു തന്നെ മർദ്ദിച്ചതായും അതിൻറെ പ്രതികരണമായാണ് സംഭവം ഉണ്ടായതെന്നും ജോസഫ് കുര്യൻ പറയുന്നു.
കഴിഞ്ഞ ജനുവരിയിൽ കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ഉയർന്നിരുന്നു. അവിശ്വാസപ്രമേയം പരിഗണിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.