
ശബരിമലയിലെ അമിത തിരക്ക് കാരണം ദർശനം ലഭിക്കാതെ മടങ്ങിപ്പോയ തീർത്ഥാടകർക്ക് വീണ്ടും ദർശനത്തിന് അവസരം ഉറപ്പാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു. വിർച്വൽ ക്യൂ പാസുമായി എത്തിയ ഒരാളും ദർശനം ചെയ്യാതെ മടങ്ങേണ്ടി വരില്ലെന്ന ഉറപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
അമിതമായ തിരക്കിനെ തുടർന്ന് ദർശനം പൂർത്തിയാക്കാൻ സാധിക്കാതെ മടങ്ങിയവർ പോലീസുമായി ബന്ധപ്പെട്ടാൽ അവർക്കായി പ്രത്യേക സൗകര്യം ഒരുക്കുമെന്നും എഡിജിപി പറഞ്ഞു. അടുത്തിടെ ദർശനം ലഭിക്കാതെ മടങ്ങിയ ഒരു സംഘം തീർത്ഥാടകരെ പോലീസ് തിരികെ വിളിച്ച് ദർശനം നടത്താൻ സഹായിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. ദിവസേന 70,000 തീർത്ഥാടകർക്ക് വിർച്വൽ ക്യൂവിലൂടെയും 20,000 പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെയും ദർശന സൗകര്യം ലഭ്യമാക്കുമെന്നും ശ്രീജിത്ത് അറിയിച്ചു.
“പാസ് എടുത്ത ഒരാളും ദർശനം കിട്ടാതെ പോകാൻ പാടില്ല” എന്നതാണ് പോലീസിന്റെ നിർബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
