
കെഎംഎംഎൽ ടി.പി യൂണിറ്റിലെ ഡിസിഡബ്ല്യു ജീവനക്കാർ കാഷ്വൽ വർക്കർമാർ; 613 പേർക്ക് നിയമപരമായ ആനുകൂല്യങ്ങൾ

കൊല്ലം: കെഎംഎംഎല്ലിലെ ടി.പി യൂണിറ്റിലെ ഡിസിഡബ്ല്യു ജീവനക്കാരെ കാഷ്വൽ വർക്കർമാരായി സംസ്ഥാന സർക്കാർ അംഗീകരിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഇതോടെ 613 നേരിട്ടുള്ള കരാർ ജീവനക്കാർ കമ്പനിയുടെ കാഷ്വൽ വർക്കർമാരാകും. ഈ തീരുമാനത്തിലൂടെ തൊഴിലാളികൾക്ക് നിയമപരമായി ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള വേതനം സംരക്ഷിച്ചുകൊണ്ടാണ് ജീവനക്കാരെ കാഷ്വൽ വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിലവിൽ കമ്പനിയിൽ ലാപ്പാ സൊസൈറ്റിയുടെ കീഴിൽ ടി.എസ്.പി യൂണിറ്റിൽ ജോലി ചെയ്യുന്ന ലാപ്പാ തൊഴിലാളികളെ ഡി.സി.ഡബ്ല്യു ജീവനക്കാരാക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ലാപ്പാ സൊസൈറ്റിയുടെ പ്രവർത്തനം അവസാനിപ്പിക്കാനും തീരുമാനിച്ചു.
ഇന്ന് ചേർന്ന ചർച്ചയിൽ ചവറ എംഎൽഎ ഡോ. സുജിത് വിജയൻ പിള്ള, വിവിധ യൂണിയൻ നേതാക്കൾ, കെഎംഎംഎൽ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചുള്ള സർക്കാർ ഇടപെടലാണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയതെന്ന് യോഗത്തിൽ വിലയിരുത്തി.