
കൊട്ടാരക്കര: കേരള സംസ്ഥാന ബജറ്റ് 2026-ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് മുൻഗണന നൽകി നിരവധി പദ്ധതികൾ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പൈതൃക സംരക്ഷണം, സാങ്കേതിക മുന്നേറ്റം എന്നിവ ലക്ഷ്യമിട്ടാണ് ബജറ്റ് പ്രഖ്യാപനങ്ങൾ.

കൊട്ടാരക്കരയിൽ ഹെലിപ്പാഡ് നിർമ്മിക്കുന്നതിന് 5 കോടി രൂപയാണ് അനുവദിച്ചത്. അടിയന്തര സാഹചര്യങ്ങളിലും വി.വി.ഐ.പി. സന്ദർശനങ്ങളിലും ഇത് ഏറെ സഹായകരമാകും. അതോടൊപ്പം, കൊട്ടാരക്കര ഫയർ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 3 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.
സാമൂഹ്യക്ഷേമ രംഗത്ത് വെളിയം പ്രിയ ഹോം ഫോർ മെന്റലി ഡിസേബിൾഡ് ഹോമിന്റെ വികസനത്തിനായി 2 കോടി രൂപ അനുവദിച്ചു. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വെളിയം ജംഗ്ഷൻ വികസനത്തിന് 5 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ-സുരക്ഷ മേഖലയിൽ വാളകത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് 1 കോടി രൂപ അനുവദിച്ചു.
വിദ്യാഭ്യാസ രംഗത്ത് എഴുകോൺ പോളിടെക്നിക് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 2 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിലൂടെ സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ചരിത്ര-പൈതൃക സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് മഹാത്മാഗാന്ധിയുടെ ഓർമ്മകളുമായി ബന്ധപ്പെട്ട മുസാവരി ബംഗ്ലാവിൽ മഹാത്മാഗാന്ധി പബ്ലിക് ലൈബ്രറിയും ഗാന്ധി സ്മാരകവും സ്ഥാപിക്കുന്നതിന് 2 കോടി രൂപ അനുവദിച്ചത്. 1937 ജനുവരി 21-ന് ഗാന്ധിജി തന്റെ അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനത്തിലെ അവസാന പൊതുപരിപാടിയിൽ പങ്കെടുത്തത് കൊട്ടാരക്കര തൃക്കണ്ണമംഗലിലായിരുന്നു. ആ ചരിത്ര സ്മരണ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി.
സാങ്കേതിക മേഖലയിലും കൊട്ടാരക്കരയ്ക്ക് നേട്ടമുണ്ടായി. കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് പാർക്ക് സ്ഥാപിക്കുന്നതിനായി 5 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇത് യുവതലമുറയ്ക്ക് പുതിയ തൊഴിൽ അവസരങ്ങളും ഗവേഷണ സാധ്യതകളും തുറക്കുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാന ബജറ്റ് 2026-ലെ ഈ പ്രഖ്യാപനങ്ങൾ കൊട്ടാരക്കരയുടെ സമഗ്ര വികസനത്തിന് വലിയ ഉണർവുണ്ടാക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.