You are currently viewing മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ സമുച്ചയത്തില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ സമുച്ചയത്തില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആര്‍.ടി.സി)യുടെ മലപ്പുറം ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സില്‍ 90 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ലോവര്‍ ലെവല്‍ 2 ബ്ലോക്കിന്റെ ഉദ്ഘാടനവും അഞ്ചുകോടി രൂപ ചെലവില്‍ നടപ്പാക്കുന്ന രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിര്‍വഹിച്ചു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് ഡിജിറ്റലൈസേഷന്‍ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. പര്‍ച്ചേസിംഗ്, പേയ്മെന്റ്, സ്പെയര്‍ പാര്‍ട്സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ട്. നിലവില്‍ എ.ഐ സാങ്കേതികവിദ്യയുള്ള സോഫ്റ്റ്‌വെയറാണ് ഷെഡ്യൂള്‍ മാനേജ്‌മെന്റ് നിയന്ത്രിക്കുന്നത്.

മലപ്പുറം മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളും ഇ-ഓഫീസുകളാക്കി മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. തൃശൂര്‍, കായംകുളം, ചെങ്ങന്നൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ബസ് സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സിയിലെ മെക്കാനിക്കല്‍, ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗങ്ങളിലുള്‍പ്പെടെ പരമാവധി ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം കെ.എസ്.ആര്‍.ടി.സി സി.എം.ഡിക്ക് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ 31 ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഇതില്‍ 23-ാമത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും.

മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് എ.സി ബസ് സര്‍വീസ് ആരംഭിക്കും. പഴയ വാഹനങ്ങള്‍ മാറ്റി മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസും ആരംഭിക്കും. കൂടാതെ, മലപ്പുറം നഗരസഭ പരിധിയില്‍ പിങ്ക് ബസ് സര്‍വീസ് അനുവദിക്കുമെന്നും അറിയിച്ചു.

Leave a Reply