You are currently viewing വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ ജില്ലയ്ക്ക് അഭിമാനം — 17 ദിവസത്തിൽ എസ്‌ഐആർ നൂറുശതമാനം പൂർത്തിയാക്കി രണ്ട് ബി‌എൽഒമാർ

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ ജില്ലയ്ക്ക് അഭിമാനം — 17 ദിവസത്തിൽ എസ്‌ഐആർ നൂറുശതമാനം പൂർത്തിയാക്കി രണ്ട് ബി‌എൽഒമാർ

എറണാകുളം ∙ വോട്ടർപട്ടിക തീവ്രപരിഷ്കരണ (Special Intensive Revision – SIR) പ്രവർത്തനങ്ങളിൽ മാതൃകയായി മാറി രണ്ടു ബി.എൽ.ഒമാർ. തുരുത്തി സ്വദേശിയായ എൽദോ കെ. പോളും, കീരംപാറ പാലമറ്റം സ്വദേശിയായ ശ്രീദേവിയും പതിനേഴുദിവസങ്ങൾക്കുള്ളിൽ എസ്‌ഐആർ നടപടികൾ നൂറുശതമാനം പൂർത്തിയാക്കിയതോടെ ജില്ലയിലെ ആദ്യ ബി.എൽ.ഒമാരെന്ന പട്ടം ഇരുവരും സ്വന്തമാക്കി.
പെരുമ്പാവൂർ മണ്ഡലത്തിലെ 76-ാം നമ്പർ പോളിങ് സ്റ്റേഷനിലെ ബി.എൽ.ഒയായ എൽദോ കെ. പോൾ, 808 വോട്ടർമാരുള്ള ബൂത്തിലെ നടപടികളാണ് അതിവേഗം പൂർത്തിയാക്കിയത്. 2002-ലെ രേഖകൾ കണ്ടെത്തിയവരുടെ ഫോമുകൾ ആദ്യം ശേഖരിച്ച് പൂരിപ്പിച്ചതാണ് പ്രക്രിയ വേഗത്തിലാക്കാൻ പ്രധാന സഹായകമായത് എന്ന് എൽദോ പറയുന്നു. സംശയങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ഇലക്ഷൻ ഉദ്യോഗസ്ഥരുമായി, വില്ലേജ് ഓഫീസുമായി സമ്പർക്കം പുലർത്താറുണ്ടായിരുന്നുവെന്നും യഥാസമയം ലഭിച്ച സഹകരണം നടപടികൾ പൂർണ്ണതയിലേക്ക് നയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോതമംഗലം മണ്ഡലത്തിലെ 56-ാം നമ്പർ പോളിങ് സ്റ്റേഷനിലെ ബി.എൽ.ഒയായ ശ്രീദേവി, 17 ദിവസത്തിനുള്ളിൽ 995 ഫോമുകൾ പൂർത്തിയാക്കി. ഏരിയാനുസരിച്ച് ഫോമുകൾ തിരിച്ച് വിതരണം ചെയ്തതും, 2002-ലെ വിവരങ്ങൾ കണ്ടെത്തിയവരുടെ ഫോമുകളിലെ ബി, സി കോളങ്ങൾ പൂരിപ്പിച്ച് നൽകിയതുമാണ് പ്രവർത്തനക്ഷമത വർധിക്കാൻ സഹായിച്ചതെന്ന് അവർ പറയുന്നു. ആനയിറങ്ങുന്ന പ്രദേശമായതിനാൽ രാത്രി സമയങ്ങളിൽ പ്രവർത്തിക്കുന്നതിൽ ചെറിയ തടസം നേരിട്ടെങ്കിലും, അത് മറികടന്ന് ഔദ്യോഗിക പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാനായതിൽ തൃപ്തിയുണ്ടെന്ന് ശ്രീദേവി കൂട്ടിച്ചേർത്തു.

ഇരുവരുടെയും പ്രവർത്തനത്തിൽ പൊതുവായ ഒരു പ്രത്യേകതയുണ്ട് — എസ്‌ഐആർ വിശദാംശങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തത് രാത്രി സമയങ്ങളിലാണ്. അർദ്ധരാത്രിയിലായപ്പോൾ ലഭിച്ച ഹൈസ്പീഡ് ഇന്റർനെറ്റ് ഉപയോഗിച്ച് വേഗത്തിൽ ഡാറ്റ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞതാണ് കുറഞ്ഞ സമയംകൊണ്ട് നൂറുശതമാനം പൂർത്തീകരണം സാധ്യമാക്കിയതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
തുരുത്തി പട്ടം യു.പി സ്കൂളിലെ പ്യൂൺ ആണ് എൽദോ കെ. പോൾ. കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റാണ് ശ്രീദേവി. ജില്ലാ തെരഞ്ഞെടുപ്പ് ഭരണസംവിധാനത്തിന് അഭിമാനകരമായ നേട്ടമായി ഇരുവരുടെയും പ്രവർത്തനം വിലയിരുത്തപ്പെടുന്നു.

Leave a Reply