You are currently viewing ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റു

ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റു

മലപ്പുറം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയൽചുമതലയേറ്റു. രാവിലെ 9.30ന് കളക്ടറേറ്റിലെത്തിയ അദ്ദേഹത്തിന് മുൻ ജില്ലാ കളക്ടർ വി ആർ വിനോദ് ഔപചാരികമായി ചുമതല കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം ഏറ്റെടുത്തു.
എ.ഡി.എം. കെ. ദേവകി, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ, സിവിൽ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പുതിയ കളക്ടറെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു.

ഹരിയാന സ്വദേശിയായ ഡോ. വിനയ് ഗോയൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ഇ-ഹെൽത്ത് കേരള പ്രോജക്ട് ഡയറക്ടർ, തിരുവല്ല സബ് കളക്ടർ, തിരുവനന്തപുരം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ, കേരള റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറി, സ്മാർട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഹരിയാനയിലെ റോഹ്തക് പി.ജി.ഐ.എം.എസിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും അമേരിക്കയിലെ ജോൺ ഹോക്കിങ് സീനിയർ സിറ്റിയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
മുൻ ജില്ലാ കളക്ടർ ആരംഭിച്ച പദ്ധതികൾക്ക് തുടർച്ച ഉറപ്പാക്കുമെന്നും, അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായും കുറ്റമറ്റ രീതിയിലും നടത്തുക എന്നതാണ് പ്രാഥമിക പരിഗണനയെന്നും ഡോ. വിനയ് ഗോയൽ വ്യക്തമാക്കി. തീരപ്രദേശങ്ങളും മലയോര മേഖലകളും ഉൾക്കൊള്ളുന്ന മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിന് മുൻഗണന നൽകുമെന്നും, ജീവിതശൈലി രോഗങ്ങൾ, വീടുകളിലെ പ്രസവം, പട്ടികവർഗ വിഭാഗങ്ങളുടെ ആരോഗ്യ പുരോഗതി തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply