
വടശ്ശേരിക്കരയിൽ പ്രവർത്തിക്കുന്ന ഒരു ക്രഷർ യൂണിറ്റിൽ ഇന്ന് പുലർച്ചെയുണ്ടായ ഗുരുതര അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ തെക്കുംമലയിൽ സ്ഥിതി ചെയ്യുന്ന വിൻ റോക്ക് ക്വാറിക്ക് സമീപമുള്ള ക്രഷർ യൂണിറ്റിലാണ് അപകടം ഉണ്ടായത്.

ക്വാറിയിൽ നിന്ന് മെറ്റൽ കയറ്റി പുറത്തിറങ്ങുന്നതിനിടെ ഗേറ്റിൽ പാസ് കാണിക്കുന്നതിനായി ലോറി ഒതുക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഈ സമയം നിയന്ത്രണം വിട്ട വാഹനം പിന്നോട്ട് ഉരുണ്ടു ഏകദേശം 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറി അവിടെ സ്ഥാപിച്ചിരുന്ന ടാർ മിക്സിങ് പ്ലാന്റിന്റെ മുകളിലേക്ക് തലകുത്തനെയാണ് പതിച്ചത്.
അപകടത്തിൽ ലോറി ഡ്രൈവറായ ശ്രീജിത്ത് (32) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ശക്തിയിൽ ലോറി പൂർണമായും തകർന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ്, ഫയർഫോഴ്‌സ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.
അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചു വരികയാണെന്നും, സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.