You are currently viewing കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ  പാപ്പാനെ ആന ആക്രമിച്ച് കൊലപ്പെടുത്തി

കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന ആക്രമിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി. ബാലരാമപുരം ഉച്ചക്കട സ്വദേശിയായ വിഷ്ണു (25) ആണ് മരിച്ചത്. അദ്ദേഹം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ഒന്നാം പാപ്പാനായിരുന്നു.

മനു എന്ന പേരുള്ള ഒൻപത് വയസ്സുള്ള ആനയാണ് വിഷ്ണുവിനെ ആക്രമിച്ചത്. ഇന്ന് രാവിലെ എട്ട് മുപ്പതിനോടെയാണ് നെയ്യാർ ഡാം റിസർവോയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെ ദാരുണ സംഭവം നടന്നത്. കുളിപ്പിക്കുന്നതിനിടയിൽ അക്രമാസക്തമായ ആന തുമ്പിക്കൈ ഉപയോഗിച്ച് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചു വീഴ്ത്തുകയും തുടർന്ന് ചവിട്ടി താഴ്ത്തുകയുമായിരുന്നു.

മറ്റ് പാപ്പാന്മാർ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന സ്ഥലത്തുനിന്ന് മാറാൻ തയ്യാറായില്ല. പിന്നീട് കൂടുതൽ പാപ്പാന്മാർ എത്തി ആനയെ നിയന്ത്രണത്തിലാക്കിയ ശേഷമാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആര്യനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

കാലിൽ അസുഖം ഉണ്ടായിരുന്നതിനാൽ വിശ്രമത്തിലായിരുന്ന ആന പെട്ടെന്ന് അക്രമാസക്തമായതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply