തിരുവനന്തപുരം–മംഗലാപുരം ഏറനാട് എക്സ്പ്രസ് (16605/06) ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഏറെ നാളത്തെ നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം നിറവേറ്റിയ നടപടിയാണിത്.
തിരക്കേറിയ ഷെഡ്യൂളിനിടയിൽ ആലപ്പുഴ വഴി പുലർച്ചെ സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കുന്നത് പ്രയാസകരമായിരുന്നുവെങ്കിലും ആവശ്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് ദക്ഷിണ റെയിൽവേ നടപടി കൈക്കൊണ്ടതെന്ന് എംപി അറിയിച്ചു.
സമീപകാലത്ത് റെയിൽവേ മന്ത്രിയുമായി നടന്ന ചർച്ചയിൽ മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് (16348) ട്രെയിനിനും ശാസ്താംകോട്ടയിൽ ഉടൻ സ്റ്റോപ്പ് അനുവദിക്കുമെന്ന് ഉറപ്പു നൽകിയതായും എംപി അറിയിച്ചു.
ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് ലഭ്യമാക്കുന്നതിന് യാത്രക്കാരും റെയിൽ സിറ്റി ശാസ്താംകോട്ട പ്രതിനിധികളും എംപിയെ സമീപിച്ച് നിവേദനം നൽകിയിരുന്നു. കൂടാതെ മാവേലി, ഇന്റർസിറ്റി തുടങ്ങിയ മറ്റ് പ്രധാന ട്രെയിനുകൾക്കും ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എംപി കൂട്ടിച്ചേർത്തു.
