You are currently viewing വോട്ടെണ്ണലിന് വിപുലമായ ഒരുക്കങ്ങൾ: ഡിസംബർ 13 ന് രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും

വോട്ടെണ്ണലിന് വിപുലമായ ഒരുക്കങ്ങൾ: ഡിസംബർ 13 ന് രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും

കൊല്ലം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ എൻ. ദേവിദാസ് അറിയിച്ചു. ഡിസംബർ 13ന് രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.

പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും, തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഗ്രാമപഞ്ചായത്തിലെ ആദ്യഫലങ്ങൾ രാവിലെ എട്ടരയോടെ ലഭിക്കാൻ സാധ്യതയുണ്ട്.

ത്രിതല സംവിധാനത്തിൽ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ ക്രമീകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മുൻസിപ്പൽ/കോർപ്പറേഷൻ പ്രദേശങ്ങളിലെ ക്രമീകരണങ്ങൾ ബന്ധപ്പെട്ട സെക്രട്ടറിമാരും ആണ് ഏകോപിപ്പിക്കുന്നത്. ബ്ലോക്ക് തല കൗണ്ടിംഗ് സെൻ്ററുകളിൽ ഓരോ ഗ്രാമപഞ്ചായത്തിനും പ്രത്യേകം കൗണ്ടിംഗ് ഹാളുകൾ രൂപീകരിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് മത്സരിക്കുന്ന വാർഡിലെ വോട്ടിംഗ് മെഷീൻ എണ്ണുന്ന ടേബിളിലേക്കും ബ്ലോക്ക് /ജില്ലാ തലങ്ങളിൽ ഓരോ ഡിവിഷൻ്റെയും വോട്ടുകൾ ഏതൊക്കെ ടേബിളിലാണ് എണ്ണുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിലും ഓരോ സ്ഥാനാർത്ഥിക്കും മത്സരിക്കുന്ന ഡിവിഷൻ്റെ വോട്ടുകൾ എണ്ണുന്ന ഓരോ ടേബിളിലേക്കും ഒരു കൗണ്ടിങ് ഏജൻ്റ് എന്ന കണക്കിനും നിയമിക്കാവുന്നതാണ്,ഇതിനു ആവശ്യമായ അപേക്ഷകൾ ഗ്രാമ/ബ്ലോക്ക് ആർ.ഒമാർക്ക് സമർപ്പിക്കേണ്ടതാണ്.

പോസ്റ്റൽ ബാലറ്റുകൾ അതാത് വരണാധികാരികൾ പ്രത്യേകം തയ്യാറാക്കിയ ടേബിളിലാണ് എണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി വരണാധികാരികൂടിയായ ജില്ലാ കലക്ടർ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ ഫല പ്രഖ്യാപനവും കളക്ടറേറ്റിലാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റ് എണ്ണുന്ന ഹാളിൽ പ്രവേശിക്കുന്ന ഏജൻ്റ് മാർക്കുള്ള പാസ് ലഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് വരണാധികാരിക്കും മറ്റ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ/ ബ്ലോക്ക്/മുനിസിപ്പൽ /കോർപ്പറേഷൻ വരണാധികാരികൾക്കും അപേക്ഷ സമർപിക്കാം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്രമസമാധാന പാലനത്തിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തി എന്ന ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply