ആലപ്പുഴ: വേമ്പനാട് കായലിലെ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിക്കാൻ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതി 2025-26യുടെ ഭാഗമായി തകഴി ഗ്രാമപഞ്ചായത്തിലും ചമ്പക്കുളം ഗ്രാമപഞ്ചായത്തിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തകഴി ബോട്ട് ജെട്ടി കടവിലും ചമ്പക്കുളം ബോട്ട് ജെട്ടി കടവിലും രണ്ട് ലക്ഷം വീതം കാർപ് ഇനത്തിലെ മത്സ്യക്കുഞ്ഞുങ്ങളെയാണ് വെള്ളത്തിലിറക്കിയത്.
തകഴി കടവിൽ നടന്ന പ്രാദേശിക പരിപാടിക്ക് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തൻ നേതൃത്വം നൽകി. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം എന്നിവ കാരണം സ്വദേശീയ മത്സ്യ ഇനങ്ങളുടെ ലഭ്യത കുറയുന്നതിന് പരിഹാരം കാണുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടുകയും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ചടങ്ങുകളിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡെറ്റി നെബു, ഫിഷറീസ് ഓഫീസർ കുമാരി അഞ്ജു എം. സഞ്ജീവ്, പ്രോജക്റ്റ് കോർഡിനേറ്റർ ഷോൺ ഷാം സുധാകർ, പ്രമോട്ടർമാരായ ലത അശോക്, ദേവിക ഉണ്ണി, ഭുവനേശ്വരി, എനുമറേറ്റർ സോന, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, മത്സ്യകർഷകർ എന്നിവർ പങ്കെടുത്തു.
