മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെയും വള്ളത്തെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ എബ്രഹാം ഇരശ്ശേരിൽ കുഞ്ഞുമോൻ്റെ ഉടമസ്ഥതയിലുള്ള ഫാബിൻ എന്ന വള്ളമാണ് മംഗലം പടിഞ്ഞാറ് 13 ഭാഗത്ത് വെച്ച് മറിഞ്ഞത്.
വള്ളത്തിൽ മാരാരിക്കുളം തുമ്പോളി സ്വദേശികളായ എബ്രഹാം, ഷാജി, ജോർജ് ജോസഫ്, മാക്സൻ, ജോൺ കുട്ടി എന്നിവരടക്കം ആറു പേരാണുണ്ടായിരുന്നത്. ശക്തമായ കാറ്റ് മൂലം വള്ളം കീഴ്മേൽ മറിയുകയായിരുന്നു. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ റസ്ക്യു വള്ളവും ബോട്ടും പുറപ്പെട്ടു. മറിഞ്ഞ വള്ളത്തിൽ തൂങ്ങിക്കിടന്ന മത്സ്യത്തൊഴിലാളികളെ മൂന്നു പേരെ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ റസ്ക്യൂ വള്ളവും മൂന്നു പേരെ സ്വരുമ എന്ന വള്ളവും രക്ഷപെടുത്തി. കീഴ് മേൽ മറിഞ്ഞ വള്ളത്തെ റസ്ക്യൂ ബോട്ട് കെട്ടിവലിച്ച് തോട്ടപ്പള്ളി ഹാർബറിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ 63 രക്ഷാപ്രവർത്തനങ്ങളിൽ 633 പേരെയാണ് ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തിയത്. കടൽ സുരക്ഷാ സ്ക്വാഡുമാരായ ജോസഫ് സാലസ്, ജോൺ, ബാസ്റ്റിൻ, ജിന്റോ, ആൻറണി സെബാസ്റ്റ്യൻ, ലൈഫ് ഗാർഡുമാരായ ജയൻ, ജോർജ്, സെബാസ്റ്റ്യൻ കെ ജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർ മിലി ഗോപിനാഥ്, അസിസ്റ്റൻറ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സാജൻ എസ്, ഫിഷറീസ് ഓഫീസർ ആസിഫ് എ എസ്, മറൈൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരായ ഹരികുമാർ, അരുൺ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും ഫിഷറീസ് വകുപ്പിൽ നിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ചും മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർ മിലി ഗോപിനാഥ് മത്സ്യത്തൊഴിലാളികളോട് അഭ്യർത്ഥിച്ചു.