
കോന്നി | കോന്നി ഗവ. മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഞ്ച് വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കിഫ്ബി ധനസഹായത്തോടെ 22.80 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് (ഫേസ്–2)അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകളുള്ള ടൈപ്പ്–ഡി ക്വാര്‍ട്ടേഴ്‌സ്, 9.10 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകളുള്ള ടൈപ്പ്–ബി ക്വാര്‍ട്ടേഴ്‌സ്, 1.05 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി നിര്‍മ്മിച്ച ഡീന്‍ വില്ല, 84 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച 17 കിടക്കകളുള്ള മെഡിക്കല്‍ ഐസിയു എന്നിവയാണ് മന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് കോളേജില്‍ പുരോഗമിക്കുന്നത്. ടൈപ്പ്–എ, ടൈപ്പ്–സി ക്വാര്‍ട്ടേഴ്‌സുകള്‍, ഹോസ്പിറ്റല്‍ ബ്ലോക്ക്–2, ഓഡിറ്റോറിയം തുടങ്ങിയ പദ്ധതികളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ മുന്നേറുകയാണ്.
നിലവില്‍ നാല് ബാച്ചുകളിലായി 400 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നു.
ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിച്ചതും സ്ഥാപനത്തിന്റെ സേവന ശേഷി തെളിയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.