
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുടുംബത്തിലെ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്. കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശികളായ ഷാജി(52) അദ്ദേഹത്തിൻറെ ഭാര്യ മാതാവ് റഷീദ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ(39) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് ഇവരുടെ രണ്ടു മക്കൾക്ക് കുഴപ്പമൊന്നുമില്ല.

തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങൾ വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് കടൽവിഭവങ്ങൾ കഴിച്ചതിന് ശേഷം ഇവർക്കു ഛർദ്ദി, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്മാക്ക്ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലാബ് പരിശോധനയും ലഭിച്ച ശേഷമേ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.