നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ മൈതാനം യാഥാർഥ്യമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2025 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്തവർഷം കേരളോത്സവത്തോടനുബന്ധിച്ച് ഫുട്ബോൾ മത്സരം നടത്തി മൈതാനം നാടിന് സമർപ്പിക്കും. എല്ലാത്തരം കായിക വിനോദങ്ങൾക്കും അനുയോജ്യമായ മൈതാനമാണ് ഒരുക്കുക. എല്ലാ പഞ്ചായത്തുകളിലും പൊതു ഇടങ്ങൾ സജ്ജമാക്കും. കൊട്ടാരക്കര ശ്രീധരൻ നായർ, ഭരത് മുരളി ഫിലിം കോംപ്ലക്സ് നെടുവത്തൂരിൽ നിർമിക്കും. 10,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന വർക്ക് നിയർ ഹോം ഐ.ടി കേന്ദ്രത്തിന്റെ പ്രവർത്തനം ഒക്ടോബർ മാസത്തോടുകൂടി ആരംഭിക്കും. പൊങ്ങുംപാറയിൽ ഇക്കോ ടൂറിസം പദ്ധതി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി അധ്യക്ഷയായി.
