You are currently viewing കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ; ഇടുക്കിയിൽ പദ്ധതി ആരംഭിക്കുന്നു

കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ; ഇടുക്കിയിൽ പദ്ധതി ആരംഭിക്കുന്നു

ഇടുക്കി: ജലവിതരണത്തിനപ്പുറം വകുപ്പിന് അധിക വരുമാനം കണ്ടെത്തുന്നതിനായി കേരള വാട്ടർ അതോറിറ്റി പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി ഗസ്റ്റ് ഹൗസുകൾ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കി ജില്ലയിലെ ചെറുതോണിയിലും പൈനാവിലുമാണ് നടപ്പിലാക്കുന്നത്.

സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഗസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്. എംഎൽഎ ഫണ്ട് വിനിയോഗിച്ച് പൂർത്തീകരിച്ച കേരള വാട്ടർ അതോറിറ്റി പൈനാവ് സബ് ഡിവിഷൻ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെയും അതിഥി മന്ദിരങ്ങളുടെയും ഉദ്ഘാടനം ഫെബ്രുവരി 27-ന് നടക്കും. ജലശുദ്ധീകരണ ശാലകൾക്കും വാട്ടർ ടാങ്കുകൾക്കും മുകളിലും താഴെയുമായാണ് മുറികൾ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.

ചെറുതോണിയിൽ 15 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന് മുകളിലായി രണ്ട് സ്യൂട്ട് റൂമുകളും നാല് ഡീലക്സ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 200 പേർക്ക് ഇരിക്കാവുന്ന ‘പെരിയാർ’ എന്ന പേരിലുള്ള കോൺഫറൻസ് ഹാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇടുക്കി ഡാം ന്റെ മനോഹരമായ ദൃശ്യം ആസ്വദിക്കാനാകുന്നതാണ് പ്രധാന ആകർഷണം.

പൈനാവിൽ 2.5 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന് താഴെയായി മൂന്ന് സ്യൂട്ട് റൂമുകളും രണ്ട് സാധാരണ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ഇരു കേന്ദ്രങ്ങളിലുമായി വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
പൊതുമരാമത്ത് വകുപ്പ് (PWD) റെസ്റ്റ് ഹൗസുകളുടെ മാതൃകയിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലാണ് മുറികൾ ലഭ്യമാക്കുന്നത്. സ്യൂട്ട് റൂമുകൾക്ക് ₹3,000 രൂപയും സാധാരണ മുറികൾക്ക് ₹1,000 രൂപയും കോൺഫറൻസ് ഹാളിന് ₹10,000 രൂപയുമാണ് ദിവസവാടക.

72 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച പദ്ധതി ഫെബ്രുവരി 27-ന് ഔദ്യോഗികമായി നാടിന് സമർപ്പിക്കും. മാർച്ച് 15 മുതൽ വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാവുന്നതാണ്. പദ്ധതി വിജയകരമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഗസ്റ്റ് ഹൗസുകൾ വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.

Leave a Reply