
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എസ്. ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം (
അറസ്റ്റ് ചെയ്തു. ബുധനാഴ്ച ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയ ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.

2019-ൽ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണ പാളികൾ നവീകരണത്തിനായി പുറത്തേക്ക് കൊണ്ടുപോയ സമയത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു എസ്. ശ്രീകുമാർ. ഈ കാലയളവിൽ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായും, സംഭവവുമായി ബന്ധപ്പെട്ട രേഖകളിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. അന്വേഷണത്തിൽ ശ്രീകുമാറിന് കേസിൽ നേരിട്ട പങ്കുണ്ടെന്ന തെളിവുകൾ ലഭിച്ചതായാണ് എസ്ഐടിയുടെ വിശദീകരണം.
അറസ്റ്റിന് മുൻപ് ശ്രീകുമാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, അന്വേഷണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു എന്നിവരടക്കം ഏഴുപേരെ ഇതിനകം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഇനി അറസ്റ്റിലാകാനുള്ള പ്രധാന പ്രതിയായി മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ മാത്രമാണ് ബാക്കിയുള്ളത്. അവർ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്കും ഇടനിലക്കാരിലേക്കും വ്യാപിപ്പിക്കുമെന്ന് അന്വേഷണ ഏജൻസികൾ സൂചന നൽകി.