
കൊട്ടാരക്കര:മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ അഡ്വ. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അവർ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചത്.

ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന രാപ്പകൽ സമരവേദിയിൽ വെച്ചാണ് ഐഷ പോറ്റി പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സിപിഎമ്മിൽ നിന്ന് നേരിട്ട അവഗണനയും കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതുമാണ് പാർട്ടി വിടാൻ കാരണമായതെന്ന് ഐഷ പോറ്റിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ദീർഘകാലമായി പാർട്ടിയിൽ സേവനം ചെയ്തിട്ടും വേണ്ട അംഗീകാരം ലഭിച്ചില്ലെന്ന പരാതിയും അവർ ഉന്നയിച്ചതായാണ് സൂചന.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ഐഷ പോറ്റി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. നേരത്തെ മൂന്നു തവണ സിപിഎമ്മിന്റെ എംഎൽഎയായിരുന്ന ഐഷ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള പ്രവേശനം കൊട്ടാരക്കര രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.