
കുന്നത്തൂർ: മുൻ കുന്നത്തൂർ എം.എൽ.എ കോട്ടക്കുഴി സുകുമാരന്റെ മകനും പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനുമായ ദിനകർ കോട്ടക്കുഴി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. അദ്ദേഹം നിലവിൽ ദളിത് കൂട്ടായ്മയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിക്കുന്നു.

മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിട്ട ദിനകർ, പിന്നീട് സ്വതന്ത്രനായി പ്രവർത്തിച്ചുവരികയായിരുന്നു. ബിജെപിയിൽ ചേർന്നത് കുന്നത്തൂരിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.
കോൺഗ്രസിന്റെ വിവിധ ഘട്ടങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന ദിനകർ പിന്നീട് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ദളിത് സമൂഹത്തിന്റെ ഉന്നമനത്തിനും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും ശക്തമായ നേതൃത്വം നൽകാൻ കഴിയുന്ന വേദിയെന്ന നിലയിലാണ് ബിജെപിയെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.