
തേവലക്കര ∙ ഓച്ചിറ വലിയകുളങ്ങരയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച പ്രിൻസ് തോമസ്, മക്കൾ അതുൽ പ്രിൻസ്, അൽക്ക സാറ പ്രിൻസ് എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 2 മണിക്ക് തേവലക്കര മർത്തമറിയം ഓർത്തഡോക്‌സ് സുറിയാനി പള്ളിയിൽ സംസ്കാരം നടത്തും. ചടങ്ങുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കത്തോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രാവിലെ 9ന് പുറപ്പെട്ട്, പൊതുദർശനത്തിനായി തൊടിയൂർ മാരാരിത്തോട്ടം ആരോഗ്യകേന്ദ്രത്തിലും പിന്നീട് പടിഞ്ഞാറ്റക്കര മുലയ്ക്കൽ എൽപിഎസിലും എത്തിക്കും. ഉച്ചയ്ക്ക് 1 വരെ പൊതുദർശനം അനുവദിച്ചിരിക്കും. തുടർന്ന് ഭവനത്തിലെത്തിച്ച് പ്രാർത്ഥനയ്ക്കു ശേഷം വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടുപോകും.
പ്രിൻസിന്റെ ഭാര്യ ബിന്ധ്യ സൂസനെ ആശുപത്രിയിൽ നിന്നു വീട്ടിലെത്തിച്ച് ഭർത്താവിന്റെയും മക്കളുടെയും മരണം അറിയിച്ചിട്ടുണ്ട്. മകൾ ഐശ്വര്യ മെർലിൻ പ്രിൻസ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
