
തിരുവനന്തപുരം: തിരുവനന്തപുരം കല്ലടിമുഖത്ത് പ്രവർത്തിക്കുന്ന ഒരു വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടെയാണ് സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായതിനെ തുടർന്ന് തീ പടർന്ന് അപകടം സംഭവിച്ചത്.

അപകടത്തിൽ വൃദ്ധസദനത്തിലെ ജീവനക്കാരായ മായ,രാജീവ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സംഭവസമയത്ത് വൃദ്ധസദനത്തിൽ 41 അന്തേവാസികൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. അപകടം ഉണ്ടായതോടെ എല്ലാവരെയും സുരക്ഷിതമായി പുറത്തേക്കു മാറ്റി. അന്തേവാസികൾക്ക് ആര്‍ക്കും പരിക്കില്ല.
സംഭവത്തെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.