You are currently viewing നിലമ്പൂർ വനത്തിൽ സ്വർണവേട്ട; ഏഴുപേർ വനംവകുപ്പിന്റെ പിടിയിൽ

നിലമ്പൂർ വനത്തിൽ സ്വർണവേട്ട; ഏഴുപേർ വനംവകുപ്പിന്റെ പിടിയിൽ

നിലമ്പൂർ: നിലമ്പൂർ വനത്തിനുള്ളിൽ അനധികൃതമായി കയറി സ്വർണം അരിച്ചെടുക്കാൻ ശ്രമിച്ച ഏഴംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മമ്പാട് പുളിപ്പാടം സ്വദേശികളായ ഏഴ് പേരാണ് പിടിയിലായത്.

നിലമ്പൂർ റേഞ്ചിലെ പനയങ്കോട് സെക്ഷൻ പരിധിയിലുള്ള ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയത്ത് പ്രദേശത്താണ് ഇവർ സ്വർണ ഖനന ശ്രമം നടത്തിയത്. മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണൽ ഊറ്റി സ്വർണം അരിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

പ്രതികളിൽ നിന്ന് സ്വർണം അരിച്ചെടുക്കാൻ ഉപയോഗിച്ച മരവിയും വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിച്ച മോട്ടോറും വനംവകുപ്പ് പിടിച്ചെടുത്തു. വനത്തിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഖനനവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്താനാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പിടിയിലായ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം വനംവകുപ്പ് തുടരുകയാണ്.

Leave a Reply