
ശബരിമല: ഹരിവരാസനം പുരസ്‌കാരം ലഭിച്ച പുണ്യനിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്ന് പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കര്‍ പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവനില്‍ നിന്ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

12-ാം വയസില്‍ നാഗസ്വര വായന ആരംഭിച്ച താന്‍ 90-ാം വയസിലും അര്‍പ്പണബോധത്തോടെയും ആത്മസമര്‍പ്പണത്തോടെയും സംഗീതസേവനം തുടരുകയാണെന്ന് ജയശങ്കര്‍ പറഞ്ഞു. കലാജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഹരിവരാസനം പുരസ്‌കാരം അതിലുമേറെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“ജീവിതത്തില്‍ ഇതിലുപരി ഒന്നും നേടാനില്ല. നവതിയുടെ നിറവില്‍ ഈ പുരസ്‌കാരം ലഭിച്ചത് എന്നെ അതീവ സന്തോഷവാനാക്കി,” എന്നും അദ്ദേഹം പറഞ്ഞു. ഓരോ കീര്‍ത്തനവും മനസില്‍ ഉള്‍ക്കൊണ്ടാണ് അവതരിപ്പിക്കുന്നത്. സ്വയം ആസ്വദിച്ചാണ് സംഗീതം അവതരിപ്പിക്കുന്നതെന്നും അതിനാലാണ് അതിന്റെ ഭാവം ആസ്വാദകര്‍ക്ക് അനുഭവിക്കാനാകുന്നതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
സംഗീതത്തിന് ലഭിക്കുന്ന അംഗീകാരം അതിന്റെ ഭാവാത്മകത കൊണ്ടാണെന്നും, മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാമില്‍ നിന്ന് ലഭിച്ച അനുമോദനം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണെന്നും അദ്ദേഹം ഓര്‍മിച്ചു.