തിരുവനന്തപുരം വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തില്‍ ശുചീകരണ ജോലി ചെയ്തിരുന്ന ജീവനക്കാരൻ ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. നെയ്യാറ്റിന്‍കര ഡാൽമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരണപ്പെട്ടത്. പ്രഷര്‍ ഗൺ ഉപയോഗിച്ച് ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉപകരണത്തില്‍ നിന്ന് തന്നെ ഷേക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് ആണ് സംഭവം നടന്നത്.
രാഹുൽ ആറു വര്‍ഷമായി ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ രാഹുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിങ്ങം ഒന്ന് ചടങ്ങുകൾക്കു മുന്നോടിയായി ക്ഷേത്രം വൃത്തിയാക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്
